ഡൽഹി : മതസ്വാതന്ത്ര്യം ഹനിക്കുന്നു എന്നാരോപിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘിനും ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യ്ക്കും എതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യുഎസ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ആവശ്യപ്പെട്ടു. തുടർച്ചയായ ഏഴാം വർഷവും ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ ആയി പ്രഖ്യാപിക്കണമെന്നാണ് കമ്മീഷന്റെ ശുപാർശ. ആർഎസ്എസിന്റെ ആസ്തികൾ മരവിപ്പിക്കാനും ഭാരവാഹികൾക്ക് യുഎസ് വിസ നിഷേധിക്കാനുമാണ് കമ്മീഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്.
എന്നാൽ, യുഎസ് കമ്മീഷന്റെ ഈ റിപ്പോർട്ട് വെറും പ്രചാരണം മാത്രമാണെന്നും വസ്‌തുതാവിരുദ്ധവും പക്ഷപാതപരവുമാണെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു. ഇന്ത്യയെക്കുറിച്ചുള്ള വികലമായ ചിത്രം നൽകാനുള്ള മനഃപൂർവ്വമായ ശ്രമമാണിതെന്ന് ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും ഇത്തരം ഇടപെടലുകൾ തള്ളിക്കളയുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ ഈ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്.

Comments are closed.