Ultimate magazine theme for WordPress.

തിരുവനന്തപുരത്ത്‌ നാശം വിതച്ച് അതിശക്തമായ മഴയും കാറ്റും; തീരദേശ മേഖലയില്‍ തീരാദുരിതം

തിരുവനന്തപുരം: ശക്തമായ മഴയിലും കാറ്റിലുമുണ്ടായ കടലേറ്റത്തില്‍ തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി വള്ളങ്ങളും മീന്‍പിടിത്ത ഉപകരണങ്ങളും ഒഴുകിപ്പോയി. പനത്തുറയിലും പൂന്തുറ മടുവത്തും തിരയടിയേറ്റ്‌ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കടല്‍ക്ഷോഭ മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ മത്സ്യബന്ധനത്തിനു പോയുള്ള അപകടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതാണ് ആശ്വാസം.കൊച്ചുതോപ്പില്‍ 7 വീടുകളും ബീമാപ്പള്ളിയില്‍ 3 വീടുകളും പൂര്‍ണമായി തകര്‍ന്നു. പത്തോളം വീടുകള്‍ അപകട ഭീഷണിയിലാണ്. ഈ മേഖലയില്‍ നിന്ന് 39 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തീരത്തേക്ക് ആഞ്ഞടിച്ചു കയറുന്ന തിരമാലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വലിയതുറ പാലത്തിനു സമീപം കര്‍മല മാതാവിന്റെ കുരിശടി ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.ചെറിയതുറ, വലിയതുറ, കുഴിവിളാകം, കൊച്ചുതോപ്പ്, വലിയതോപ്പ്, ശംഖുംമുഖം, കണ്ണാന്തുറ, വെട്ടുകാട്, കൊച്ചുവേളി, വലിയവേളി, പള്ളിത്തുറ, തുമ്പ മേഖലകളിലും കടല്‍ക്ഷോഭം കൂടുതലാണ്. പൂന്തുറയില്‍ കരയില്‍ കയറ്റിയിട്ടിരുന്ന നൂറിലധികം മത്സ്യ ബന്ധനബോട്ടുകള്‍ക്ക് മുകളിലേക്ക് തിര ശക്തമായി അടിച്ചെത്തി. വലിയതുറ സെന്റ് ആന്റണീസ് ഫുട്ബാള്‍ ഗ്രൗണ്ടിന്റെ എഴുപത് ശതമാനത്തോളം കടലെടുത്തു.

കോടികള്‍ മുടക്കി നിര്‍മാണം ആരംഭിച്ച ശംഖുമുഖം റോഡ് കൂടുതല്‍ തകര്‍ന്നു. സഞ്ചാരികള്‍ക്കായി പണിതുയര്‍ത്തിയ ഇരിപ്പിടങ്ങളും തിരയേറ്റം തടയാന്‍ നിര്‍മിച്ച കടല്‍ഭിത്തിയുമെല്ലാം തകര്‍ന്നടിഞ്ഞു. തീരദേശ റോഡിന്റെ പകുതിയോളം കടലേറ്റത്തില്‍ തകര്‍ന്നു. റോഡും ബീച്ചും മുഴുവനായി കടലെടുക്കുന്ന തരത്തില്‍ രൂക്ഷമാണ് നിലവിലെ സ്ഥിതി. ഇതോടെ തീരദേശവാസികള്‍ ആകെ പരിഭ്രാന്തിയിലുമാണ്.ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജഗതി, തമ്പാനൂര്‍ കിഴക്കേകോട്ട, കരിമഠം കോളനി, തമ്പുരാന്‍മുക്ക്, പുത്തന്‍പാലം, ബണ്ടുകോളനി, ചാല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറി. കരമന, കിള്ളിയാറുകള്‍ നിറഞ്ഞു. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളില്‍ ഉള്ളവരെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റി.

വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നുമുണ്ട്. താലൂക്കുതലങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം തുടങ്ങി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമും രംഗത്തുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ റവന്യു ഉദ്യോഗസ്ഥര്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തി. ജില്ലയിലെ പ്രധാന ഡാമുകളുടെ സ്ഥിതിയും അധികൃതര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.