Ultimate magazine theme for WordPress.

ലോകത്തിലെ വന്‍ ശക്തികള്‍ ഒന്നിക്കുന്നു, ലോക നിയമങ്ങള്‍ മാറ്റിയെഴുതുമോ : ആകാംക്ഷയില്‍ ലോകരാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ലോകത്തെ വന്‍ശക്തികളായ യു.എസും റഷ്യയും ഒന്നിക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച എന്നാണെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ടു. ജൂണ്‍ 16ന് സ്വിറ്റ്സര്‍ലാന്റില്‍ നടക്കുന്ന ജനീവ ഉച്ചകോടിയിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. വൈറ്റ് ഹൗസ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചതോടെ കൂടിക്കാഴ്ച സംബന്ധിച്ച്‌ ലോകരാഷ്ട്രങ്ങളും ആകാംക്ഷയിലാണ്. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്ന ജനീവ ഉച്ചകോടിയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രാധാന്യമേറെയുണ്ടെന്ന് വിദേശകാര്യവിദഗ്ദ്ധരും വിലയിരുത്തുന്നു.യുഎസ്-റഷ്യ ബന്ധത്തില്‍ സ്ഥിരത നിലനിര്‍ത്താനുദ്ദേശിച്ചാണ് ഈ യോഗം.നിരവധി പ്രധാനവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. റഷ്യ-യുഎസ് ബന്ധം വളര്‍ത്താന്‍ ആഗ്രഹിക്കുന്നതായി പുടിനും അറിയിച്ചതായാണ് വിദേശ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള വിവാധവിഷയങ്ങളും നയതന്ത്രവിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ക്രെംലിന്‍ പ്രതിനിധി പറഞ്ഞു.
യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ബൈഡന്‍ നടത്തുന്ന ആദ്യവിദേശയാത്രയായിരിക്കും സ്വിറ്റ്സര്‍ലാന്റിലേക്ക് എന്നത് ഈ കൂടിക്കാഴ്ചയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. ഉക്രെയ്ന്‍, ബെലാറസ് വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.
ഫിന്‍ലന്റിലെ ഹെല്‍സിങ്കിയില്‍ 2018ല്‍ പുടിനും ട്രംപും കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇതാദ്യമാണ് ലോകശക്തികളായ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ വീണ്ടും കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നത്.

Leave A Reply

Your email address will not be published.