ബംഗളൂരു :കഴിഞ്ഞ ഏതാനും മാസങ്ങളായി കര്‍ണ്ണാടകയിലെ ക്രൈസ്തവ സമൂഹം തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്ന് കനത്ത ഭീഷണി നേരിടുന്നതിനിടെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ബൈബിള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളിന് വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയച്ച സാഹചര്യത്തില്‍ ശക്തമായ പ്രതികരണവുമായി ആര്‍ച്ച്ബിഷപ്പ് പീറ്റര്‍ മച്ചാഡോ.
കഴിഞ്ഞ നൂറുവര്‍ഷത്തിനിടെ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ പഠിച്ച എത്രകുട്ടികള്‍ ക്രൈസ്തവമതം സ്വീകരിച്ചുവെന്ന് സര്‍ക്കാരിന് അന്വേഷിക്കാമെന്ന് ബംഗളൂരു ആര്‍ച്ച്ബിഷപ്പ് പീറ്റര്‍ മച്ചാഡോ. ബൈബിള്‍ പഠനക്ലാസിന്റെ പേരില്‍ നഗരത്തിലെ ക്ലാരന്‍സ് ഹൈസ്‌കൂളിനാണ് കഴിഞ്ഞദിവസം പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍നിന്ന് നോട്ടീസ് ലഭിച്ചത്.
സ്‌കൂളില്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് മതപഠനക്ലാസ് നല്‍കിയിരുന്നതെന്നും ക്ലാസ് തുടങ്ങുന്നതിനു മുമ്പോ ശേഷമോ മാത്രമാണ് ഇത് ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിലെ എഴുപത്തിയഞ്ചുശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളോടു ബൈബിള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം മുതല്‍ ആവശ്യമുള്ളവര്‍ മാത്രം ബൈബിള്‍ കൊണ്ടുവന്നാല്‍ മതിയെന്നു നിര്‍ദേശിച്ചിരുന്നു. എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസമാണു സ്‌കൂളില്‍ നല്‍കുന്നതെന്നും ആത്മീയതെയും ധാര്‍മികതയെയും വേര്‍തിരിച്ചു കാണാന്‍ കഴിയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം സഭാനേതൃത്വം വകുപ്പിന് മറുപടി നല്‍കും.