Ultimate magazine theme for WordPress.

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

തിരുവല്ല: ഭൂരഹിതരായ എട്ട് കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്. തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള അമ്പത് സെൻ്റ് സ്ഥലമാണ് എട്ട് കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.

റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിര താമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ എട്ട് പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി. ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.

പതിനഞ്ച് വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്. പാസ്റ്റർ സാബു തോമസിൻ്റെ അമേരിക്കൻ സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി. ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

 

വാർത്ത: ജോജി ഐപ്പ് മാത്യൂസ്

Sharjah city AG

Comments are closed.