വാർത്ത: സാം മാത്യു, ഡാളസ്
ഡാളസ് : ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലെക്സ് മേഖലയിലുള്ള ഇന്ത്യൻ പെന്തെക്കോസ്ത് (ഐപിസി) സഭകൾക്കിടയിൽ കൂടുതൽ ഐക്യവും സഹകരണവും വളർത്തുന്നതിനായി ‘ഗ്രേറ്റർ ഡാളസ് ഐ.പി.സി. ഫെലോഷിപ്പ്’ (Greater Dallas IPC Fellowship) എന്ന സംയുക്ത വേദിക്ക് രൂപം നൽകി. നവംബർ 15-ന് ഫിലദൽഫിയ പെന്തക്കോസ്തൽ ചർച്ചിൽ ചേർന്ന ഡാളസിലെ വിവിധ ഐ.പി.സി. സഭകളിൽ നിന്നും ഉള്ളവർ പങ്കെടുത്ത പ്രാഥമിക ആലോചനാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ ഡാളസ് മേഖലയിൽ പന്ത്രണ്ടിലധികം ഐപിസി. സഭാ കൂടിവരവുകൾ പ്രവർത്തിക്കുന്നുണ്ട്.
അമേരിക്കയിലെ മറ്റ് പ്രധാന നഗരങ്ങളിൽ പ്രാദേശിക സഭകൾ തമ്മിലുള്ള കൂട്ടായ്മയും പരസ്പര പിന്തുണയും സംയുക്ത സുവിശേഷ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഐ.പി.സി. വേദികൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഈ മാതൃക പിന്തുടർന്ന് ഡാളസിലും സമാനമായ ഒരു ഏകീകൃത വേദി രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആലോചനാ യോഗം ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു.
പുതിയ വേദിയുടെ കാഴ്ചപ്പാട് (Vision), ഘടന, പ്രവർത്തന രീതികൾ, പ്രാദേശിക സഭകൾക്ക് ഇതിലൂടെ ലഭിക്കാവുന്ന നേട്ടങ്ങൾ എന്നിവയെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. ഐക്യവേദിയുടെ ഔദ്യോഗിക രൂപീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പാസ്റ്റർ പി.സി. ജേക്കബ്, ബാബു കൊടുന്തറ എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഡാളസിലെ എല്ലാ ഐ.പി.സി. സഭകളിലെയും വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യ സംയുക്ത പ്രാർത്ഥനാ കൂടിവരവ് 2027 ഫെബ്രുവരി 13-ന് ഫിലദൽഫിയ ചർച്ച് ആരാധനാലയത്തിൽ നടക്കും.

Comments are closed.