വാർത്ത: രാജു തരകൻ
ഡാളസ് : ഡാളസ് സിറ്റിവൈഡ് ഫെല്ലോഷിപ്പിന്റെ (DCF) 2026-ലെ വാർഷിക പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് ഫാമിലി സെമിനാർ നവംബർ 14 ശനിയാഴ്ച ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ നടന്നു. “Strengthening the Leadership” എന്നതായിരുന്നു സെമിനാറിന്റെ പ്രമേയം. പാസ്റ്റർമാരും സഭാ നേതാക്കളും പങ്കെടുത്ത സമ്മേളനത്തിൽ ആരാധന, വചനശുശ്രൂഷ, കുടുംബബന്ധങ്ങളുടെ ശക്തീകരണം, അടുത്ത തലമുറയിലെ നേതാക്കളെ വളർത്തിയെടുക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ പാസ്റ്റർ പാസ്റ്റർ വി. എ. വർഗീസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. മെട്രോ ചർച്ചിന്റെ ലീഡ് പാസ്റ്റർ പാസ്റ്റർ സതീഷ് കുമാർ, “കുടുംബത്തെ നഷ്ടപ്പെടുത്താതെ സഭയെ നയിക്കുക” (Leading the Church Without Losing the Family) എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഓരോ ശുശ്രൂഷകന്റെയും പ്രഥമ സഭ സ്വന്തം കുടുംബമാണെന്നും കുടുംബജീവിതത്തിന്റെ പ്രാധാന്യം അവഗണിച്ചുകൊണ്ട് സഭാശുശ്രൂഷ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഷാരോൺ ചർച്ചിന്റെ ലീഡ് പാസ്റ്റർ ഡോ. സാബു സാമുവൽ, “സഭയെ നിലനിർത്തുന്നതിൽ നിന്ന് നേതാക്കളെ വളർത്തിയെടുക്കുന്നതിലേക്ക്” (From Maintaining the Church to Multiplying Leaders) എന്ന വിഷയത്തിൽ സംസാരിച്ചു. ഒരു സഭയുടെ വളർച്ച വിലയിരുത്തേണ്ടത് നിലവിലുള്ള പ്രവർത്തനങ്ങൾ നിലനിർത്തുന്നതിലൂടെ മാത്രമല്ല, പുതിയ നേതാക്കളെ വാർത്തെടുക്കുന്നതിലൂടെയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments are closed.