ബംഗ്ലാദേശ് : ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാഅത്തെ ഇസ്ലാമിക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളിൽ ക്രൈസ്തവ സമൂഹത്തിന് നേരെ വർഗ്ഗീയ അക്രമങ്ങൾ വലിയ തോതിൽ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2024-ൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണം താഴെയിറക്കപ്പെട്ടതിന് ശേഷം രാജ്യം സാക്ഷ്യം വഹിച്ച ആദ്യ പൊതുതിരഞ്ഞെടുപ്പ് ഈ വർഷം ഫെബ്രുവരിയിൽ നടന്നിരുന്നു. അഴിമതി ആരോപണങ്ങളും സ്വേച്ഛാധിപത്യപരമായ നിലപാടുകളും ഹസീനയുടെ 15 വർഷത്തെ ഭരണത്തിന് മേൽ നിഴൽ വീഴ്ത്തിയിരുന്നെങ്കിലും, ഇസ്ലാമിക തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്ന നേതാവായിരുന്നു അവർ.
എന്നാൽ ഷെയ്ഖ് ഹസീനയുടെ പതനത്തിനുശേഷം ബംഗ്ലാദേശിലെ ക്രൈസ്തവ, ഹൈന്ദവ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ കുത്തനെ ഉയർന്നു. പ്രത്യേകിച്ച് ഇസ്ലാം മതത്തിൽ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തവരാണ് ഈ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം. ഫെബ്രുവരിയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വിജയിച്ചെങ്കിലും, അവരുടെ പ്രധാന പ്രതിപക്ഷമായ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടുന്ന ഇസ്ലാമിസ്റ്റ് സഖ്യം ആകെ വോട്ടുകളുടെ മൂന്നിലൊന്നോളം (ഏകദേശം 33%) സ്വന്തമാക്കിയത് ന്യൂനപക്ഷങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നു.
പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ‘ഓപ്പൺ ഡോർസ്’ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം, തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് അക്രമസംഭവങ്ങൾ ഭയപ്പെടുത്തുന്ന രീതിയിലാണ് തീവ്രമായിരിക്കുന്നത്. തലസ്ഥാനമായ ധാക്കയിലെ ‘സെന്റ് യൂജിൻ ഡി മസെനോഡ്’ പള്ളിയിൽ കയറി കത്തോലിക്കാ വൈദികനെ അക്രമികൾ ക്രൂരമായി മർദ്ദിക്കുകയും, അദ്ദേഹത്തിന്റെ പാസ്‌പോർട്ടും ഏകദേശം 1,000 പൗണ്ടിന് തുല്യമായ തുകയും കവരുകയും ചെയ്ത സംഭവം ഇതിനകം വലിയ വാർത്തയായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം മാത്രം ഇത്തരത്തിലുള്ള 50-ലധികം ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Comments are closed.