എറണാകുളം : കാതൽ ദി കോർ എന്ന സിനിമയ്ക്ക് നല്ല ചലച്ചിത്രത്തിനുള്ള അവാർഡ് നൽകിയതിലൂടെ സാമൂഹികജീവിതത്തെ അരാജകമാക്കുകയും സാംസ്കാരിക – സദാചാരമേഖലയിൽ ഗുരുതരപ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ലിബറൽ ചിന്തകളുടെ പ്രചാരകരും പ്രയോക്താക്കളുമായി സംസ്ഥാന സർക്കാരും മാറുകയാണോ എന്ന് സീറോ മലബാർ സഭ അത്മായ ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ ചോദിക്കുന്നു.
കാതൽ ദി കോർ ദേശീയ ചലച്ചിത്രപുരസ്കാരത്തിന്റെ പരിഗണനയിൽ ഒരിക്കൽപ്പോലും വന്നില്ല എന്നത് സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ വ്യക്തമായ ഇടതുപക്ഷ അജണ്ട വെളിവാക്കുന്നുവെന്നും സമൂഹത്തിൽ നഷ്ടമാകുന്ന നന്മയും സ്നേഹവും ധാർമ്മികതയും വീണ്ടെടുക്കാൻ സർക്കാരും ജൂറിയും സിനിമാപ്രവർത്തകരും പരിശ്രമിക്കണമെന്നും സീറോ മലബാർ സഭ അത്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അഭ്യർത്ഥിച്ചു.
