Ultimate magazine theme for WordPress.

കേൾവിശക്തിയില്ല, സംസാരശേഷിയില്ല, ഇതെല്ലാം ഉള്ള കുട്ടികളോടൊപ്പം അതേ ക്ലാസ്സ്‌ മുറിയിൽ അധ്യാപകരുടെ ചുണ്ടിന്റെ ചലനം മാത്രം ശ്രദ്ധിച്ചു കൊണ്ടു പന്ത്രണ്ടാം ക്ലാസ്സിൽ 93% മാർക്ക് നേടിയ ഗ്ലോറിയ

കേൾവിശക്തിയില്ല, സംസാരശേഷിയില്ല, ഇതെല്ലാം ഉള്ള കുട്ടികളോടൊപ്പം അതേ ക്ലാസ്സ്‌ മുറിയിൽ അധ്യാപകരുടെ ചുണ്ടിന്റെ ചലനം മാത്രം ശ്രദ്ധിച്ചു കൊണ്ടു പന്ത്രണ്ടാം ക്ലാസ്സിൽ 93% മാർക്ക് നേടിയ ഗ്ലോറിയ മോളെ സംസ്ഥാന പി വൈ പി എ പ്രവർത്തകർ ആദരിച്ചു.
‘അമ്മാ, എനിക്കെന്താ, കേൾക്കാനും മിണ്ടാനും സാധിക്കാത്തത്’; അന്ന് ആ വാക്കുകൾ കേട്ട് ചങ്കുപിടഞ്ഞു, ഇന്നെന്റെ കുഞ്ഞിന്റെ നേട്ടത്തിൽ അഭിമാനം. ഈ നിശബ്ദതയ്ക്ക് എന്ത് ശബ്ദമാണ്\”
ജനിച്ച് ഒരു വയസ്സു കഴിഞ്ഞപ്പോഴാണ് ഗ്ലോറിയയ്ക്ക് ശബ്ദങ്ങളൊന്നും കേൾക്കാനാവില്ലെന്നു അമ്മയും അച്ഛനും തിരിച്ചറിയുന്നത്. പത്തനാപുരം പിടവൂർ സത്യമുക്ക് മലയിൽ ആലുംമൂട്ടിൽ വീട്ടിൽ ശ്രീമതി ജെയ് സന്തോഷിന്റെയും ശ്രീ സന്തോഷ് ജോർജ്ജിന്റെയും മൂത്ത മകളാണ് ഗ്ലോറിയ.‘‘ഒന്നര വയസ്സായിട്ടും സംസാരിക്കാനോ ഒച്ചകള് കേൾക്കുമ്പോൾ ശ്രദ്ധിക്കാത്തതും കണ്ടപ്പോഴാണു സംശയം തോന്നിയത്. ഡോക്ടർമാറെ കാണിച്ചപ്പോൾ കോക്ലിയർ ഇംപ്ലാന്റൊന്നും മോളുടെ കാര്യത്തിൽ ശരിയാകില്ലെന്നു പറഞ്ഞു. കുറച്ചു വലുതായപ്പോൾ ഹിയറിങ് എയ്ഡ് വച്ചെങ്കിലും നല്ല ശബ്ദത്തിൽ ഇടിവെട്ടുന്നതും വലിയ വണ്ടികളുടെ ഉച്ചത്തിലുള്ള ഹോണിന്റെ ശബ്ദവും മാത്രമേ കേട്ടിരുന്നുള്ളൂ. അല്ലാത്ത സമയത്ത് ഒരു ഇരപ്പു മാത്രമാണു കേൾക്കുന്നത്. ഉറക്കെയുള്ള ശബ്ദം കേൾക്കുമ്പോൾ മോൾ വല്ലാതെ അസ്വസ്ഥയാകും. അങ്ങിനെ അവൾ തന്നെ അതു ഉപേക്ഷിച്ചു. ആദ്യമൊക്കെ എല്ലാ കാര്യങ്ങൾക്കും കൈചൂണ്ടി.

ആദ്യം ഗ്ലോറിയയെ ഡഫ് സ്കൂളിലായിരുന്നു ചേർത്തിയത്. അമ്മയും ഗ്ലോറിയയുടെ കൂടെ പോകും. സ്കൂളിൽ സംസാരിക്കാൻ പരിശീലനം കൊടുക്കുന്നത് നോക്കി മനസ്സിലാക്കും. വീട്ടിൽ വന്നു ഗ്ലോറിയയെ കണ്ണാടിയുടെ മുൻപിൽ ഇരുത്തിയിട്ടു വീണ്ടും പരിശീലിപ്പിക്കും.‘പപ്പ’ എന്ന വാക്കാണ് അവള് ആദ്യം പഠിക്കുന്നത്. ശബ്ദം വന്നില്ലെങ്കിലും പറയുന്നതു വ്യക്തമായില്ലെങ്കിലും സംസാരിക്കാൻ പ്രോത്സാഹിപ്പിക്കും. അവൾ സാധാരണ കുട്ടികളെ പോലെ വർത്തമാനം പറയണമെന്ന ആഗ്രഹത്താലാണ് ഡഫ് സ്കൂളിലെ ടീച്ചർമാർ പറഞ്ഞതിൻ പ്രകാരം രണ്ടാം ക്ലാസ്സിൽ സാധാരണ സ്കൂളിൽ ചേർക്കുന്നത്.
വീട്ടിൽ ആർക്കും ആംഗ്യഭാഷ അറിയാത്തതു കൊണ്ട് ചുണ്ടുകളുടെ ചലനം നോക്കിയിട്ടായിരുന്നു ഗ്ലോറിയ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നത്. സ്കൂളിൽ അധ്യാപകർ വളരെ സപ്പോർട്ടായിരുന്നു. കൂട്ടുകാരെല്ലാം ഗ്ലോറിയക്കു വേണ്ടി ഉറക്കെ പറയാൻ തയാറായി.അവൾ മനസ്സിലാക്കുന്നതു വരെ എത്ര പ്രാവശ്യം ആവർത്തിക്കാനും അവർക്ക് മടിയില്ലായിരുന്നു. നിന്ദിച്ചവരുടെ മുൻപിൽ അഭിമാനത്തോടെ ‘‘പലരും മോളുടെ മുൻപിൽ വച്ചു തന്നെ അവളെക്കുറിച്ചു സഹതാപത്തോടെ പറയുമ്പോൾ സങ്കടം വന്നിട്ടുണ്ട്.
നിന്ദിച്ചവരുടെയും വിഷമിപ്പിച്ചവരുടെയും മുൻപിൽ തലയുയർത്തി ആഹ്ലാദത്തോടെ നിൽക്കാൻ അവൾ അവസരമൊരുക്കി തന്നല്ലോ. അതുമതി. ഇപ്പോൾ സംസാരിക്കുമെങ്കിലും ഒഴുക്കും വ്യക്തതയുമില്ല. പക്ഷേ, ഞങ്ങൾ വീട്ടിലുള്ളവർക്കു മനസ്സിലാവും. മനസ്സിലായില്ലെങ്കിൽ എഴുതി കാണിക്കും. പ്ലസ് വൺ മുതൽ, തന്നെ ബസു കയറിയാണ് സ്കൂളിൽ പോകുന്നത്. സാധാരണ സ്കൂളിൽ പോയതുകൊണ്ടാണ് ഇതെല്ലാം സാധിച്ചത്.’’ ഗ്ലോറിയയുടെ അമ്മ സന്തോഷത്തിലാണ്.
കുട്ടിക്കാലത്ത് ‘‘അമ്മാ, എനിക്കെന്താ, കേൾക്കാനും മിണ്ടാനും സാധിക്കാത്തത്’ എന്നു ചോദിക്കുമ്പോൾ ചങ്കു പൊട്ടും.വീടിനടുത്തുള്ള സ്കൂളിലായിരുന്നു പത്തു വരെ. പ്ലസ്ടുവിനു സെന്റ് സ്റ്റീഫൻസ് സ്കൂളിൽ ചേർന്നപ്പോൾ ഇംഗ്ലീഷിലായിരുന്നു ക്ലാസ്സുകളെല്ലാം. മലയാളം മീഡിയത്തിൽ പഠിച്ച മോൾക്കത് ബുദ്ധിമുട്ടായിരുന്നു. അനിയനെയും അനിയത്തിയെയും പോലെ എന്നെ എന്തുകൊണ്ടാണ് ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കാഞ്ഞത് ഒരിക്കൽ ചോദിച്ചു.‘ നിന്നെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ടാൽ എന്തായിത്തീരുമെന്നു എനിക്കറിയില്ലായിരുന്നു മോളെ,’ എന്നു സങ്കടം പറഞ്ഞപ്പോൾ അവൾ സമാധാനിപ്പിച്ചു.‘‘സാരമില്ല,അമ്മ വിഷമിക്കേണ്ട. ഞാൻ നന്നായി ശ്രമിച്ചോളാം.’’
അച്ഛൻ ശ്രീ സന്തോഷ് ജോർജ്ജ് ദുബായിൽ മാനേജരാണ്. മകളുടെ നേട്ടത്തിൽ സന്തോഷത്തോടെ കൂടെച്ചേരാനായി നാട്ടിൽ വരാൻ സാധിക്കാത്തതിന്റെ വിഷമത്തിലാണ്.ഗ്ലാസ് പെയിന്റിങ്ങാണ് ഗ്ലോറിയയുടെ ഇഷ്ടവിനോദം. അമ്മയുടെ സാരിയിലും ചിത്രങ്ങൾ വരച്ച് പെയിന്റു ചെയ്തു കൊടുക്കും.ബികോം കൊമേഴ്സിനു ചേർന്നു പഠിച്ച് ഒരു ഗവൺമെന്റ് ജോലി നേടണമെന്നാണ് ഗ്ലോറിയയുടെ ആഗ്രഹം. അനിയത്തി അഭിയയ്ക്കും അനിയൻ ജെറമിയക്കും ഓൺലൈൻ ക്ലാസിനു സഹായിക്കലുമൊക്കെയായി ഗ്ലോറിയ ഇപ്പോൾ തിരക്കിലാണ്.

 

Leave A Reply

Your email address will not be published.