കേരളത്തിനുള്ള വന്ദേഭാരത് ട്രെയിന്‍ ഏറ്റുവാങ്ങി

0 97

കോഴിക്കോട് : കേരളത്തില്‍ ഒടുവില്‍ വന്ദേ ഭാരത് ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നു.കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ ദക്ഷിണ റെയില്‍വേക്ക് കൈമാറി. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളം ഏറ്റുവാങ്ങിയത്. തിരുവനന്തപുരത്ത് നിന്നുള്ള റെയില്‍വേ അധികൃതര്‍ ചെന്നൈ വില്ലിവാക്കത്തു നിന്നാണു ട്രെയിന്‍ എറ്റെടുത്തത്. ട്രാക്ക് ക്ലിയറന്‍സ് കിട്ടുന്നതിന് അനുസരിച്ച് എഗ്മോര്‍ നാഗര്‍കോവില്‍ വഴി ട്രെയിന്‍ കേരളത്തിലേക്ക് കൊണ്ടുവരും. തിരുവനന്തപുരത്ത് നിന്ന് ഈ മാസം 22ന് പരീക്ഷണയോട്ടം നടത്തിയേക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍ തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.25ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യും.ചെന്നൈയിലെ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ചതാണ് ഈ ട്രെയിന്‍. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45-ന് പുറപ്പെട്ട് വൈകീട്ട് 3.30-ന് കോഴിക്കോട്ട് എത്തുന്നതരത്തിലായിരിക്കും ആദ്യഘട്ടത്തില്‍ വന്ദേഭാരത് സര്‍വീസ് നടത്തുക. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിങ് ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകള്‍ നടത്തിയശേഷമാണ് സര്‍വീസ് ആരംഭിക്കുക. കൊല്ലം, വര്‍ക്കല, ചെങ്ങന്നൂര്‍, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ വന്ദേഭാരത് യാത്രക്കിടയില്‍ അല്‍പനേരം നിര്‍ത്തിയിടുമെന്നും സൂചനയുണ്ട്.24-ന് കൊച്ചിയിലെത്തുന്ന എത്തുന്ന പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്യുന്ന ചടങ്ങില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടായേക്കും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാണ് വന്ദേഭാരത് ട്രെയിനിന്റെ വേഗം. നിലവില്‍ കേരളത്തിലെ പാതയില്‍ ഈ വേഗത്തില്‍ ഓടാനാവില്ല. കേരളത്തില്‍ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കുറെക്കാലമായി റെയില്‍വേ നടത്തി വരുന്നുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിനു കീഴിലാണു ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ സി എഫ്)യില്‍ ഇതിന്റെ രൂപകല്‍പ്പനയും നിര്‍മാണവും നടന്നത്. യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സമാനമായ ട്രെയിനിനേക്കാള്‍ 40 ശതമാനം ചെലവു കുറച്ചാണ് ഇന്ത്യ തദ്ദേശീയമായി ഈ ട്രെയിന്‍ നിര്‍മിച്ചത്. ഭാരതത്തിനു നമസ്‌കാരം എന്നു പേരിട്ട ഈ ട്രെയിന്‍ 2019 ഫെബ്രുവരി 15 നാണ് ആദ്യ സര്‍വീസ് നടത്തിയത്.

Leave A Reply

Your email address will not be published.