ന്യുഡൽഹി: അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരിൽ ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത വ്യാജ മതപരിവർത്തന കേസ് സുപ്രീം കോടതി റദ്ദാക്കി. സ്വന്തം വീട്ടിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന പിതാവിനും മകനുമെതിരെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം എടുത്ത കേസിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. മതിയായ തെളിവുകളില്ലാതെ ക്രിമിനൽ നടപടികൾ തുടരുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
വീട്ടിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന യുവാവിനെ ഒരു സംഘം ആളുകൾ തടയുകയും മതപരിവർത്തനം ആരോപിച്ചു പരാതി നൽകുകയുമായിരുന്നു. തുടർന്ന് യുവാവ് ഒൻപത് ദിവസം ജയിലിൽ കഴിയേണ്ടി വന്നു. കേസിൽ ആദ്യം പ്രതിയല്ലാതിരുന്ന പിതാവിനെ പിന്നീട് ഉൾപ്പെടുത്തുകയായിരുന്നു. ഹൈക്കോടതി ഹർജി തള്ളിയതിനെത്തുടർന്നാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്.
മതപരിവർത്തന നിരോധന നിയമപ്രകാരം പരാതി നൽകാൻ മൂന്നാം കക്ഷികൾക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഇരയാക്കപ്പെട്ട വ്യക്തിക്കോ അടുത്ത ബന്ധുക്കൾക്കോ മാത്രമേ പരാതി നൽകാൻ സാധിക്കൂ. സ്വന്തം വീട്ടിലെ ആരാധനാ സ്വാതന്ത്ര്യത്തെപ്പോലും ചോദ്യം ചെയ്യുന്ന ഇത്തരം നിയമങ്ങൾ ജാമ്യമില്ലാ കുറ്റമായി മാറുന്നതിൽ കത്തോലിക്കാ സഭയും വലിയ ആശങ്ക രേഖപ്പെടുത്തി.

Comments are closed.