Ultimate magazine theme for WordPress.

കർണാടകത്തിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ പാസ്റ്റർ ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു

ബെംഗളൂരു: ഹുബ്ബള്ളിയിൽ ദളിത് വിഭാഗത്തിൽപ്പെട്ടയാളെ നിർബന്ധപൂർവം മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ പാസ്റ്ററായ സോമു അവരാദിയാണ് അറസ്റ്റിലായത്. ഭോവി വിഭാഗത്തിൽപ്പെട്ട വിശ്വനാഥ് ബുദൂരാണ് പോലീസിൽ പരാതിനൽകിയത്. കഴിഞ്ഞ മൂന്നുമാസമായി തന്നെ ക്രിസ്തുമതത്തിൽ ചേരാൻ പ്രലോഭിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശ്വനാഥ് നവനഗർ പോലീസിൽ പരാതി നൽകിയത്. എന്നാൽ, ആരെയും മതംമാറ്റാൻ നിർബന്ധിച്ചിട്ടില്ലെന്ന് സോമു പോലീസിന് മൊഴിനൽകി. കുടകിൽ സോമവാരപേട്ട് താലൂക്കിലെ ശനിവാരസന്തെയിൽ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരനായ മഞ്ജുനാഥിനെയും അറസ്റ്റുചെയ്തു. ഇയാളുടെ ഭാര്യ ഗിരിജ, മകൾ അൻഷു എന്നിവർ ഒളിവിലാണ്. പാവപ്പെട്ടവരെയും ആദിവാസികളെയും ക്രിസ്തുമതത്തിൽ ചേരാൻ മഞ്ജുനാഥും കുടുംബവും നിർബന്ധിച്ചുവെന്നാണ് പരാതി. തൊഴിലാളിയായ അഞ്ജലി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ക്രിസ്തുമതം സ്വീകരിച്ചവരാണ് മഞ്ജുനാഥിന്റെ കുടുംബം.

ശനിവാരസന്തെയിൽ താമസിക്കുന്ന ആദിവാസികളെ മഞ്ജുനാഥ് എല്ലാ ഞായറാഴ്ചയും വീട്ടിൽ നടക്കുന്ന പ്രാർഥനയിലേക്ക് ക്ഷണിച്ച് ക്രിസ്തുമതത്തിൽ ചേരാൻ പ്രലോഭിപ്പിച്ചിരുന്നു. മതം മാറിയാൽ ധാരാളം പണം ലഭിക്കുമെന്നും മക്കൾക്ക് വിദ്യാഭ്യാസം നൽകാൻ സാധിക്കുമെന്നും ഇയാൾ അവകാശപ്പെട്ടതായും പരാതിയിൽ പറയുന്നു. ഞായറാഴ്ച അഞ്ജലിയുടെ വീട്ടിലെത്തിയ മഞ്ജുനാഥും കുടുംബവും പ്രാർഥനയിൽ പങ്കെടുക്കാൻ നിർബന്ധിച്ചു. ഇതേത്തുടർന്നാണ് അഞ്ജലി പോലീസിൽ പരാതിനൽകിയത്. അറസ്റ്റിലായ മഞ്ജുനാഥിനെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Leave A Reply

Your email address will not be published.