ഇറാഖ് : ഭീകരാക്രമണങ്ങളെയും ആഭ്യന്തര സംഘർഷങ്ങളെയും തുടർന്ന് രാജ്യത്തുനിന്ന് പലായനം ചെയ്ത ക്രിസ്ത്യൻ കുടുംബങ്ങളെ തിരികെ എത്തിക്കുന്നതിനായി ഇറാഖ് സർക്കാർ തയ്യാറാക്കിയ പുതിയ പദ്ധതി ചർച്ച ചെയ്യാൻ ഇറാഖിലെ കത്തോലിക്കാ ബിഷപ്പുമാർ അടുത്ത മാസം യോഗം ചേരും. കൽദായ കത്തോലിക്ക പാത്രിയർക്കീസ് പോൾ മൂന്നാമൻ നോനയും പ്രധാനമന്ത്രി അലി അൽ സെയ്ദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിർണ്ണായക നീക്കം.
ഓഗസ്റ്റിൽ അങ്കാവയിൽ നടക്കുന്ന യോഗത്തിൽ പദ്ധതി വിശദമായി വിലയിരുത്തുമെന്ന് എർബിൽ ആർച്ച് ബിഷപ്പ് ബഷാർ വർദ വ്യക്തമാക്കി. സർക്കാരിന്റെ ‘ഒരു ദശലക്ഷം റെസിഡൻഷ്യൽ പ്ലോട്ട്’ പദ്ധതിയിൽ ക്രൈസ്തവർക്ക് ഭൂമിയും താമസസൗകര്യങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
2000-ൽ 15 ലക്ഷത്തോളമുണ്ടായിരുന്ന ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ, യു.എസ് അധിനിവേശത്തിനും ഐ.എസ് ഭീകരാക്രമണങ്ങൾക്കും ശേഷം 80 ശതമാനത്തോളം ഇടിഞ്ഞ് നിലവിൽ മൂന്നു ലക്ഷത്തിൽ താഴെയായി ചുരുങ്ങിയിട്ടുണ്ട്. ഇറാഖിന്റെ സാംസ്കാരിക വൈവിധ്യം വീണ്ടെടുക്കാൻ ക്രൈസ്തവരുടെ തിരിച്ചുവരവ് അനിവാര്യമാണെന്നാണ് സർക്കാരിന്റെ നിലപാട്.

Comments are closed.