Ultimate magazine theme for WordPress.

പാഠപുസ്തകങ്ങളിൽ ഗാന്ധി വധവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്‌ത് എൻസിഇആർടി

ന്യൂഡൽഹി :എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് മഹാത്മാഗാന്ധിയെക്കുറിച്ചും, ഗാന്ധി വധവുമായി ബന്ധപ്പെട്ടുമുള്ള ഭാഗങ്ങൾ ഒഴിവാക്കി. ഗോദ്രക്ക് ശേഷമുണ്ടായ കലാപങ്ങളെ കുറിച്ചുള്ള ഭാഗങ്ങളും നീക്കം ചെയ്തു. സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂണിൽ ഒഴിവാക്കിയതാണ് ഈ ഭാഗങ്ങൾ എന്ന് എൻസിഇആർടി ഡയറക്ടർ ദിനേശ് സക്ളാനി പ്രതികരിച്ചു. ഇന്ത്യൻ ഏക്സ്‌പ്രെസ്സാണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്.എൻസിഇആർടിയുടെ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്നാണ് വിഷയങ്ങൾ ഒഴിവാക്കിയത്. ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു, ഗാന്ധിയുടെ ഹിന്ദു-മുസ്‌ലിം ഐക്യ ശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു, ഗാന്ധി വധത്തിനുശേഷം ആർഎസ്എസ് അടക്കമുള്ള ചില സംഘടനകളെ കുറച്ചുകാലത്തേക്ക് നിരോധിച്ചു തുടങ്ങിയ ഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. കൂടാതെ, ഗോദ്രാനന്തര കലാപങ്ങളെ കുറിച്ചുള്ള പരാമർശങ്ങളും പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സിലബസ് പരിഷ്കരണത്തോടനുബന്ധിച്ച് കഴിഞ്ഞവർഷം പുറത്തിറക്കിയ ബുക്ക്ലെറ്റിൽ ഗുജറാത്ത് കലാപം മുഗൾ ഭരണകാലം, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്സലൈറ്റ് പ്രസ്ഥാനം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ ബുക്ക്ലെറ്റിൽ പരാമർശിക്കാത്ത ചില ഭാഗങ്ങൾ കൂടി പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.