Ultimate magazine theme for WordPress.

കൊലപാതകം സാധാരണ കാര്യമായി മാറി: പ്രസ്താവനയുമായി നൈജീരിയന്‍ ക്രൈസ്തവ നേതൃത്വം

അബൂജ:നൈജീരിയയില്‍ മനുഷ്യ ജീവന് വിലയില്ലാതാക്കുന്ന തുടര്‍ച്ചയായ കൂട്ടക്കൊലകളെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് ക്രിസ്ത്യന്‍ നേതാക്കള്‍ രംഗത്ത്. ആനംബ്ര സംസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം 11 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കൊലപാതകങ്ങളെ അപലപിച്ചുകൊണ്ടുള്ള \’ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ\’ (സി.എ.എന്‍) യുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. മതപരവും, വംശീയവുമായ പ്രശ്‌നങ്ങള്‍ ജീവനോടുള്ള ബഹുമാനം നഷ്ടപ്പെടുത്തിയെന്നും അവര്‍ പ്രസ്താവനയില്‍ പറയുന്നു.ക്രിസ്ത്യാനികളുടെ കുരുതിക്കളമായി മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ഓരോ ഭാഗത്തും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ രാഷ്ട്രത്തില്‍ ജീവന് യാതൊരു വിലയുമില്ലാതായിരിക്കുന്നു. ജനങ്ങള്‍ ഗോത്രങ്ങള്‍, പ്രദേശം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നതിനാല്‍ മനുഷ്യരെ കൊല്ലുന്നത് ഗൗരവമേറിയ കാര്യമല്ലാതായി മാറിയിരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. നൈജീരിയന്‍ കത്തോലിക്ക മെത്രാന്‍ സമിതി കൂടി ഉള്‍പ്പെടുന്ന സി.എ.എന്‍ പ്രതിനിധികള്‍ ആനംബ്ര കൊലപാതകങ്ങളിലും, രാജ്യത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അക്രമങ്ങളിലും ദുഃഖിതരും നിരാശരുമാണെന്ന് കടുണയിലെ സി.എ.എന്‍ ചെയര്‍മാന്‍ പാസ്റ്റര്‍ ജോണ്‍ ജോസഫ് ഹയാബ് പറഞ്ഞു. രാജ്യത്തെ തിന്മ കാര്‍ന്നുതിന്നുന്നത് നിശബ്ദരായി നോക്കിനില്‍ക്കുവാന്‍ തങ്ങള്‍ക്ക് കഴിയുകയില്ലെന്നും, ചില നൈജീരിയക്കാരുടെ സഹനങ്ങള്‍ രാഷ്ട്രത്തെ മുഴുവന്‍ ബാധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നു സി.എ.എന്‍ നൈജീരിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവ്യവസ്ഥയും, സര്‍ക്കാരും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ രാജ്യത്തെ കുറ്റകൃത്യങ്ങളും, കൊലപാതകങ്ങളും അവസാനിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

Leave A Reply

Your email address will not be published.