Official Website

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

0 178

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കു സുപ്രീംകോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലുകള്‍ക്കൊപ്പം പുതിയ ഹര്‍ജി പരിഗണിക്കും. ജസ്റ്റീസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ആലുവ സ്വദേശി വി.എം. അന്‍വര്‍ സാദത്താണ് സുപ്രീംകോടതിയെ സമീപിച്ചത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80 ശതമാനം മുസ്ലിംകള്‍ക്കും 20 ശതമാനം ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുല്യപരിഗണനയോടെ വിതരണം ചെയ്യാൻ കഴിഞ്ഞ വര്‍ഷം മേയ് 28ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയായി സര്‍ക്കാര്‍ നിശ്ചയിക്കുകയും ചെയ്തിരിന്നു. എന്നാല്‍ മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിനിടെ സര്‍ക്കാരും അപ്പീലിനു പോയിരിന്നു. ഇതിനെതിരെ ക്രൈസ്തവ സമൂഹത്തില്‍ നിന്നു വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

Comments
Loading...
%d bloggers like this: