ക്രൈസ്തവ കൂട്ടക്കൊല: മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ പ്രതിയാക്കി
കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 270 പേർ കൊല്ലപ്പെട്ട സ്ഫോടനപരമ്പരക്കേസിൽ മുൻ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ പ്രതിയാക്കി. ആക്രമണസാധ്യതയെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ സിരിസേന അവഗണിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് കൊളംബോയിലെ ഫോർട്ട് കോടതി മുൻ പ്രസിഡന്‍റിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിലുള്ള മെല്ലപ്പോക്കിനെ ചോദ്യം ചെയ്തു ക്രൈസ്തവസഭ ശക്തമായി രംഗത്തെത്തിയപ്പോള്‍ സഭയുടെ ആവശ്യപ്രകാരം സിരിസേന തന്നെ നിയോഗിച്ച അന്വേഷണസമിതി, അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഇസ്ളാമിക തീവ്രവാദികള്‍ ചാവേർ ആക്രമണം നടത്തുകയായിരുന്നു. അന്നു നടന്ന സ്‌ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 11 ഇന്ത്യക്കാരും ഉൾപ്പെടുന്നു. അടുത്തമാസം 14നു കോടതിയിൽ ഹാജരാകാന്‍ എഴുപത്തിയൊന്നുകാരനായ സിരിസേനയോട് കോടതി നിര്‍ദ്ദേശിച്ചു.