*കാരണം # 29*
പാസ്റ്റർ റോയി ഇ ജോയി
“ഭോഷ്കിൻ്റെ വഴി എന്നോട് അകറ്റണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കണമേ” (സങ്കീർത്തനം 119.29).
ദൈവം തൻ്റെ ന്യായപ്രമാണം കൃപയാലാണ് നമുക്ക് തന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവം തൻ്റെ രക്ഷ കൃപയാലാണ് നമുക്കു നല്കിയത്. ഇപ്പോൾ നിനക്കു നിന്റെ രക്ഷയിൽ വളർന്നു വരുവാൻ ആഗ്രഹമുണ്ടോ? എങ്കിൽ ദുഷ്ടത, വ്യാജം, കപടഭക്തി, പരദൂഷണം, അസൂയ, നുണ, വെറുപ്പ് എന്നിവ നിങ്ങൾ വിട്ടുകളയുക. എന്നിട്ട് “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ” (1 പത്രൊസ് 2.1).
വ്യാജത്തിൻ്റെ വഴികളും ദുർമാർഗങ്ങളും നമുക്കു ചുറ്റിനുമുണ്ട് (വാ. 101). അതുകൊണ്ട് അതിൽ നിന്റെ കാലുകൾ പതിക്കാതെവണ്ണം നന്നായി സൂക്ഷിച്ചുകൊൾക. എന്നാലും വ്യാജത്തിൻ്റെ നൂലാമാലകളിൽ നാം നിപതിച്ചു പോയെന്നിരിക്കും. “ഇത് അങ്ങേയറ്റം ചതിവും വഞ്ചനയും നിറഞ്ഞ ലോകമാണ്. അത് വ്യാജവും കാപട്യവും ചതിവും ദുഷ്ടതയും നിറഞ്ഞിരിക്കുകയാണ്” എന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു ലോകത്തിൽ ദൈവത്തിന്റെ കൃപാകടാക്ഷം ഇല്ലാതെ വ്യാജത്തിൽനിന്ന് മാറി നടക്കുക എന്നത് ഏറെ കഠിനതരമായ ഒരു യാത്രയാണ്. സങ്കീർത്തനങ്ങളിൽ അനവധി ഭാഗത്തു പറയുന്നുണ്ട് ദൈവത്തിന്റെ ന്യായപ്രമാണം നീതിയുള്ള പാതകളിൽ നമ്മെ നടത്തുമെന്ന്. വ്യാജം പറയുവാനുള്ള നമ്മുടെ പ്രവണതയെ ഏറ്റുപറയുന്നത് അനുഗ്രഹം കൊണ്ടുവരും (എന്തുകൊണ്ടെന്നാൽ “ഹൃദയം എല്ലാറ്റിനെക്കാളും കപടം ഉള്ളത്”–യിരെ. 17.9).
നാം തിരുവചനം വായിക്കുകയും ധ്യാനിക്കുകയും മനഃപാഠമാക്കുകയും ചെയ്യുമ്പോൾ, കൃപാപൂർവം ദൈവം നമ്മെ സത്യസന്ധതയുടെ പാതകളിൽ നടത്തും. “അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക” (എബ്രാ. 4.16). അങ്ങനെ കർത്താവ് വഞ്ചനയുടെ വഴികൾ വ്യർഥമാണെന്ന് എല്ലായ്‌പ്പോഴും നമ്മെ കാണിക്കും (വാ. 118).
എന്തൊരു ചതിവ്! ഒരു പ്രസംഗകൻ വലിയൊരു കൂട്ടം ജനങ്ങളുടെ മുമ്പിൽനിന്ന് തീക്ഷ്ണതയോടെ പ്രസംഗിക്കുകയാണ്. ദൈവത്തിന്റെ ആത്യന്തികലക്ഷ്യം നിങ്ങളുടെ സാമ്പത്തിക ഉന്നമനമാണ്. അയാൾ അവിടെനിന്നു കാറുകയാണ്, നിങ്ങൾ ഒരു തരത്തിലുമുള്ള സാമ്പത്തികബുദ്ധിമുട്ടിലൂടെ കടന്നുപോകുവാൻ കർത്താവ് ആഗ്രഹിക്കുന്നില്ല. നിങ്ങൾ ഒന്നു കൊടുത്താൽ ദൈവം അതു നൂറു മേനിയായി നിങ്ങൾക്കു തിരികെ തരും. ആ കൂട്ടത്തിലുണ്ടായിരുന്ന സാമ്പത്തിക അത്ഭുതത്തിനായി കാത്തിരുന്നവർ കൈയിലുണ്ടായിരുന്ന ധനം വലിയൊരത്ഭുതം പ്രതീക്ഷിച്ചുകൊണ്ട് സ്തോത്രകാഴ്ചയിട്ടു. പ്രസംഗകൻ കിട്ടിയ സ്തോത്രകാഴ്ച എല്ലാം വാരിക്കൂട്ടി സ്ഥലം വിട്ടു. പാവങ്ങൾ അത്ഭുതവും പ്രതീക്ഷിച്ച് അവിടെയിരിപ്പുണ്ട്. ഇതൊരു ചതിവാണ് ദൈവമക്കളേ. ആരും വീണുപോകരുതേ.

Comments are closed.