ലോഗോസ് ഹോപ്പ് ഫ്ലോട്ടിംഗ് ബുക്ക് ഫെയർ റാസല്‍ഖൈമയിൽ

'70 രാജ്യങ്ങളിൽ നിന്നും മുന്നൂറിൽ അധികം സന്നദ്ധ പ്രവർത്തകർ കപ്പലിന്റെ വിവിധ ഡിപ്പാർട്മെന്റുകളിൽ പ്രവർത്തിച്ചുവരുന്നു. 5000 ത്തിൽ അധികം ശീർഷകങ്ങളോടെ എണ്ണായിരത്തിലധികം പുസ്തകങ്ങൾ ലോഗോസ് ഹോപിലുണ്ട്

0 649

റാസല്‍ഖൈമ: ഒരു ദശാബ്ദത്തിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് ബുക്ക് ഫെയർ യുഎഇയിൽ തിരിച്ചെത്തി. ഇത് രണ്ടാം തവണയാണ് പുസ്തകങ്ങളുടെ മഹാസമുദ്ര പ്രദര്‍ശനത്തിന് റാസല്‍ഖൈമ വേദിയാകുന്നത്. ഇറാഖിലെ ബസ്​റയില്‍ നിന്നും പുറപ്പെട്ട് അല്‍ നഖീല്‍ പവര്‍ ഹൗസിന് സമീപം ഖോര്‍ തുറമുഖത്താണ് ആഗോള പുസ്തക ശേഖരവുമായി കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. ആയിരക്കണക്കിന് പുസ്തകങ്ങളാണ് ലോഗോസ് ഹോപ്പ് കപ്പല്‍ പുസ്തകശാലയില്‍ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉള്‍ക്കൊള്ളിച്ചാണ് പുസ്തക പ്രദര്‍ശനം. ഞായറാഴ്ച്ച വരെ റാസല്‍ഖൈമയില്‍ പുസ്തക പ്രദര്‍ശനം തുടരും.

ആവേശം നല്‍കുന്ന പ്രതികരണമാണ് റാസല്‍ഖൈമയില്‍ നിന്ന് ലഭിക്കുന്നതെന്ന് ലോഗോസ് ഹോപ്പ് മാനേജിങ് ഡയറക്ടർ എഡ്‌വേർഡ്‌ ഡേവിഡ് അറിയിച്ചു. \’70 രാജ്യങ്ങളിൽ നിന്നും മുന്നൂറിൽ അധികം സന്നദ്ധ പ്രവർത്തകർ കപ്പലിന്റെ വിവിധ ഡിപ്പാർട്മെന്റുകളിൽ പ്രവർത്തിച്ചുവരുന്നു. 5000 ത്തിൽ അധികം ശീർഷകങ്ങളോടെ എണ്ണായിരത്തിലധികം പുസ്തകങ്ങൾ ലോഗോസ് ഹോപിലുണ്ട്. വൈകുന്നേരം നാല് മുതല്‍ 11 വരെ സന്ദര്‍ശകരെ അനുവദിക്കും. രാത്രി 12 വരെ പ്രദര്‍ശനം തുടരും. കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സാംസ്ക്കാരിക പരിപാടികളും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്\’ അദ്ദേഹം പറഞ്ഞു. റാസല്‍ഖൈമയില്‍ ആദ്യ ദിവസങ്ങളിൽ തന്നെ രണ്ടായിരത്തിലധികം പുസ്തക പ്രേമികൾ സന്ദർശനത്തിനെത്തി. 2011ല്‍ ദുബൈയിലും 2013ല്‍ റാസല്‍ഖൈമയിലും അബുദാബിയിലും ലോഗോസ് ഹോപ്പ് കപ്പല്‍ പുസ്തക പ്രദര്‍ശനം നടന്നിരുന്നു.

ഏപ്രില്‍ 18 മുതല്‍ 23 വരെ ദുബൈ പോര്‍ട്ട് റാഷിദിലും മെയ് 17 മുതല്‍ ജൂണ്‍ അഞ്ച് വരെ അബുദാബി പോര്‍ട്ട് സായിദിലും ലോഗോസ് ഹോപ്പ് കപ്പല്‍ പുസ്തക പ്രദര്‍ശനം നടക്കും. ജർമ്മനി ആസ്ഥനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന GBA (Good Books for All), സഹോദര കപ്പലുകളായ ലോഗോസ്, ഡൗലോസ്, ലോഗോസ് II എന്നീ സുവിശേഷ കപ്പലുകളോട് ചേർന്ന് ലോഗോസ് ഹോപ്പ് പ്രവർത്തിച്ചുവരുന്നു.1970 മുതൽ 150-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 50 ദശലക്ഷം ആളുകൾ സന്ദർശനം നടത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.