കുവൈറ്റ് : കുട്ടികളെ വഞ്ചിക്കുന്ന സൈബർ ചൂഷണത്തിനെതിരെ പുതിയ പദ്ധതിയുമായി കുവൈറ്റ്. ആഭ്യന്തരമന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് മീഡിയ ആണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഓൺലൈൻ ഗെയിമുകളിൽ ഇരയാകുന്ന പൗരന്മാരെയും വിദേശികളെയും സംരക്ഷിക്കാനാണ് പദ്ധതി.
പ്രൈമറി – മിഡിൽ സ്‌കൂൾ വിദ്യാർഥികളെ ലക്ഷ്യം വച്ചുള്ള ചൂഷണ പ്രവർത്തനങ്ങൾ രാജ്യത്ത് വ്യാപകമാണ്. ചില ഓൺലൈൻ വിഡിയോ ഗെയിമുകൾ സൃഷ്‌ടിക്കുന്ന അപകടങ്ങൾ പൂർണമായും മനസ്സിലാക്കുവാൻ പല രക്ഷിതാക്കൾക്കും കഴിയുന്നില്ല. കുട്ടികളെ നിരീക്ഷിക്കുന്ന കാര്യത്തിൽ മാതാപിതാക്കളുടെ അശ്രദ്ധയാണ് ഇതിൽ ഏറ്റവും പ്രധാനം. ചൂഷകരെ കണ്ടെത്തുക എന്നത് ആഭ്യന്തരമന്ത്രാലയത്തിൻ്റെ ചുമതലയാണ്. എന്നാൽ, ഇതിലെ പ്രാഥമിക ഉത്തരവാദിത്തം കുടുംബത്തിനാണെന്ന് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്‌ടർ ജനറൽ ബ്രിഗേഡിയർ നാസർ അബു സാലിക് വ്യക്‌തമാക്കി.
