കോവിഡ് ലോകത്താകെ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 60 ലക്ഷം മരണം; ഇന്ത്യയിൽ കോവിഡ് മരണസംഖ്യ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കിന്റെ പത്തിരട്ടി
ജനീവ :കോവിഡ് ലോകത്താകെ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 60 ലക്ഷം മരണം മാത്രം. ഇന്ത്യയിലെ യഥാര്‍ഥ കോവിഡ് മരണസംഖ്യ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കിന്റെ പത്തിരട്ടിയാണെന്നും ഡബ്ല്യുഎച്ച്‌ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് വെളിപ്പെടുത്തി.
2020 ജനുവരി ഒന്നുമുതൽ 2021 ഡിസംബർ 31 വരെ ഇന്ത്യയിൽ 47 ലക്ഷം പേർ കോവിഡിനിരയായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാലയളവില്‍ കോവിഡ് മരണം 4.81 ലക്ഷം മാത്രമെന്നാണ് കേന്ദ്രനിലപാട്. ബാക്കി 42 ലക്ഷം മരണം മറച്ചുവെച്ചു.ലോകാരോഗ്യസംഘനയുടെ റിപ്പോർട്ട് കണക്കിലെടുത്താൽ ഏറ്റവും കൂടുതൽ കോവിഡ് മരണവും ഇന്ത്യയിലാണ്.ലോകത്തെ കോവിഡ് മരണങ്ങളിൽ ഏതാണ്ട് മൂന്നിലൊന്നും റിപ്പോർട്ട് ചെയ്യാതെ മറച്ചുവച്ച മരണങ്ങളിൽ പകുതിയോളവും ഇന്ത്യയിലാണെന്ന ഗുരുതരവെളിപ്പെടുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. ഔദ്യോഗിക കണക്കിനേക്കാൾ ഏറ്റവും കൂടുതൽ മരണമുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ–- 9.9 മടങ്ങ്. ഒന്നാം സ്ഥാനത്ത് ഈജിപ്ത്–- 11.6 മടങ്ങ്, മൂന്നാമത് പാകിസ്ഥാൻ–- എട്ടുമടങ്ങ്.
കോവിഡ് വ്യാപനത്തിന് മുമ്പുള്ള വര്‍ഷങ്ങളേക്കാള്‍ എത്രയധികം മരണം സംഭവിച്ചു എന്ന കണക്ക് അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. 2020 നവംബറിൽ ഡബ്ല്യുഎച്ച്‌ഒയുടെ വേൾഡ് മോർട്ടാലിറ്റി ഡാറ്റാസെറ്റ് കോവിഡ് മരണങ്ങൾ സംബന്ധിച്ച വിവരം ചോദിച്ചപ്പോൾ ‘ലഭ്യമില്ല’ എന്ന മറുപടിയാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകിയത്.