തിരുവനന്തപുരം: കൊവിഡ് പ്രതിദിന വർദ്ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നതോടെ കനത്ത ജാഗ്രതയിൽ സംസ്ഥാനം. ഏറ്റവും കൂടിയ പ്രതിദിനവര്‍ദ്ധനയും മരണങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെറും 12 ദിവസം കൊണ്ട് 745 പേരാണ് കൊവിഡിന് കീഴടങ്ങിയത്. ഇതോടെ ലോക്ക്‌ഡൗൺ നീട്ടാനാണ് സംസ്ഥാന സർക്കാർ നീക്കം. വാരാന്ത്യ ലോക്ക്‌ഡൗണും മിനി ലോക്ക്‌ഡൗണും ഫലം കണ്ടുതുടങ്ങിയിട്ടില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയുളളൂ. നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്‌നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ,തൃശൂര്‍ ജില്ലകളിലാണ് കൊവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നത്. ഓക്‌സിജൻ പാഴാക്കുന്നത് തടയാന്‍ ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആര്‍ക്കും ഓക്‌സിജൻ നൽകാൻ പാടില്ലെന്ന് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം നൽകിയിട്ടുണ്ട്. കാറ്റും മഴയും അതിശക്തമാകാന്‍ സാദ്ധ്യതയുളളതിനാല്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് വൈദ്യുതി തകരാര്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.
Related Posts