യുകെയിലെ കെന്റ് കൗൺസിൽ (Kent County Council) തങ്ങളുടെ ഔദ്യോഗിക യോഗങ്ങളുടെ തുടക്കത്തിൽ ‘കർത്തൃപ്രാർത്ഥന’ (The Lord’s Prayer) ചൊല്ലാൻ വോട്ടിംഗിലൂടെ തീരുമാനിച്ചു. നിലവിൽ റിഫോം യുകെ (Reform UK) പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കൗൺസിലിലെ 48 അംഗങ്ങൾ യോഗങ്ങൾ പ്രാർത്ഥനയോടെ ആരംഭിക്കുന്നതിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ഇതോടൊപ്പം യോഗങ്ങൾ ദേശീയഗാനത്തോടെ അവസാനിപ്പിക്കുന്നതിനെ അനുകൂലിച്ച് 46 അംഗങ്ങളും വോട്ട് ചെയ്തു.
കൗൺസിൽ പരിധിയിലെ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ സംസ്കാരം കണക്കിലെടുത്ത്, യോഗത്തിന്റെ തുടക്കത്തിൽ പ്രാർത്ഥനയ്ക്ക് പകരം ‘നിശബ്ദ പ്രാർത്ഥന’ (silent moment of reflection) മതിയെന്ന തരത്തിൽ ചില കൗൺസിലർമാർ ഭേദഗതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കൗൺസിൽ ലീഡറായ ലിൻഡൻ കെംകരൻ ഈ നിർദ്ദേശത്തെ ശക്തമായി എതിർത്തു. കർത്തൃപ്രാർത്ഥന എന്നത് മനുഷ്യരെ പരസ്പരം ഒന്നിപ്പിക്കുന്ന ആഴമേറിയ ഒന്നാണെന്നും, അതുകൊണ്ട് നിശബ്ദതയ്ക്ക് പകരം ആ സമയം പ്രാർത്ഥനയ്ക്കായിത്തന്നെ ഉപയോഗിക്കണമെന്നും അവർ വ്യക്തമാക്കി.
ഭരണഘടനയുടെയും പരമ്പരാഗത മൂല്യങ്ങളുടെയും സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അനുകൂലിക്കുന്നവർ വാദിക്കുമ്പോൾ, ഒരു പൊതുസംവിധാനത്തിൽ പ്രാർത്ഥന നിർബന്ധമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന വിമർശനവും ഉയരുന്നുണ്ട്. കൗൺസിലിന്റെ ഈ പുതിയ പരിഷ്കാരം പ്രദേശത്തെ വിവിധ കമ്മ്യൂണിറ്റികൾക്കിടയിൽ എ വലിയ സംവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

Comments are closed.