വത്തിക്കാൻ : റോമൻ കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ശേഷം ചുമതലയേറ്റ ലിയോ പതിനാലാമൻ (Pope Leo XIV) മാർപ്പാപ്പയുടെ ഒന്നാം ഭരണവർഷത്തെക്കുറിച്ച് സമഗ്രമായ വിലയിരുത്തലുമായി പ്രമുഖ ഇറ്റാലിയൻ ഇവാഞ്ചലിക്കൽ പാസ്റ്ററും ദൈവശാസ്ത്രജ്ഞനുമായ ലിയോനാർഡോ ഡി ചിരിക്കോ (Leonardo De Chirico). കത്തോലിക്കാ സഭയ്ക്കുള്ളിലെ ഭിന്നതകളെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുമ്പോൾ തന്നെ, ആഗോള സമാധാനത്തിന് വേണ്ടി കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന ഒരു ശക്തനായ ശബ്ദമായി മാർപ്പാപ്പ മാറിയിരിക്കുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. റോമിലെ ബ്രെച്ചിയ ഡി റോമ ചർച്ചിന്റെ പാസ്റ്ററും, ഇവാഞ്ചലിക്കൽ നേതാക്കൾക്ക് കത്തോലിക്കാ സഭയുമായുള്ള ആശയവിനിമയത്തിന് പരിശീലനം നൽകുന്ന ‘റിഫോർമാണ്ട ഇനിഷ്യേറ്റീവ്’ ഡയറക്ടറുമാണ് ഡി ചിരിക്കോ.
‘വത്തിക്കാൻ ഫയൽസിൽ’ എഴുതിയ ലേഖനത്തിലാണ് ഡി ചിരിക്കോ ലിയോ മാർപ്പാപ്പയുടെ ഭരണത്തെ വിലയിരുത്തിയത്. ലിയോ മാർപ്പാപ്പയുടെ പാപ്പസിക്ക് മേൽ ഒരു അന്തിമ വിധി പ്രസ്താവിക്കാൻ സമയമായിട്ടില്ലെങ്കിലും, കഴിഞ്ഞ ഒരു വർഷത്തെ അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി ചില വ്യക്തമായ സൂചനകൾ നൽകക്കുന്നുണ്ട്. ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് ഡോക്ടറേറ്റ് നേടുകയും രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷമുള്ള കത്തോലിക്കാ സഭയെക്കുറിച്ച് വിപുലമായി എഴുതുകയും ചെയ്തിട്ടുള്ള ഡി ചിരിക്കോയുടെ അഭിപ്രായത്തിൽ, മാർപ്പാപ്പയുടെ ആദ്യ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ വികാസം പൊതുവേദികളിൽ നേരിട്ടുള്ള നിലപാടുകൾ പ്രഖ്യാപിക്കാനുള്ള അദ്ദേഹത്തിന്റെ താല്പര്യമാണ്. പ്രത്യേകിച്ച് യു.എസ് പ്രെസിഡന്റ് ഡൊണാൾഡ് ട്രംപുമായി അദ്ദേഹം നടത്തിയ പരസ്യമായ വിയോജിപ്പുകൾ ഇതിന് ഉദാഹരണമാണ്.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളെ മാർപ്പാപ്പ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇത് പിന്നീട് ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇരുവർക്കും ഇടയിൽ വലിയ ഭിന്നതയ്ക്ക് കാരണമായി. വത്തിക്കാന്റെ പരമ്പരാഗത നയതന്ത്ര ചാനലുകൾക്ക് കാത്തുനിൽക്കാതെ ട്രംപിന്റെ വിമർശനങ്ങൾക്ക് മാർപ്പാപ്പ നേരിട്ട് തന്നെ മറുപടി നൽകി. സാധാരണഗതിയിൽ ശാന്തനും നിയന്ത്രണങ്ങളുള്ളതുമായ സ്വഭാവക്കാരനായ ലിയോ മാർപ്പാപ്പയിൽ നിന്ന് ഇത്തരം ഒരു നീക്കം ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു എന്ന് ഡി ചിരിക്കോ വ്യക്തമാക്കുന്നു. സഭയുടെ ആഭ്യന്തര കാര്യങ്ങളിലും അന്താരാഷ്ട്ര രാഷ്ട്രീയത്തിലും പുതിയ മാർപ്പാപ്പ നടത്തുന്ന ഇടപെടലുകൾ വരും വർഷങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments are closed.