ഇറാഖ് : മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇസ്ലാം മതം സ്വീകരിച്ചാൽ മക്കളെയും ഔദ്യോഗിക രേഖകളിൽ മുസ്ലീമായി രജിസ്റ്റർ ചെയ്യുന്ന ഇറാഖിലെ നിയമത്തിനെതിരെ പോരാടി ക്രിസ്തീയ ഐഡന്റിറ്റി തിരിച്ചുപിടിച്ച് ഇറാഖി യുവതിയും അഞ്ച് മക്കളും. ഫെഡറൽ സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന് ബാഗ്ദാദിലെ ഒന്നാം പേഴ്‌സണൽ സ്റ്റാറ്റസ് കോടതിയാണ് യുവതിക്കും കുടുംബത്തിനും അനുകൂലമായി വിധി പ്രസ്താവിച്ചത്.
യുവതിയും കുടുംബവും ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരാണെങ്കിലും, സിവിൽ ഐഡന്റിറ്റി കാർഡ് പുതുക്കാൻ സമീപിച്ചപ്പോഴാണ് തങ്ങൾ ഔദ്യോഗികമായി ‘മുസ്ലിം’ ആയിട്ടാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് അറിയുന്നത്. മുൻപ് യുവതിയുടെ പിതാവ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു എന്ന കാരണത്താലാണ് സിവിൽ ഐഡന്റിറ്റി കാർഡിൽ ഇവരുടെ മതവും മാറ്റി രജിസ്റ്റർ ചെയ്തത്.
ദീർഘകാലത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവരുടെ സിവിൽ രജിസ്ട്രിയിലെ മതം ഇസ്ലാമിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറ്റി നൽകാൻ കോടതി ഉത്തരവിട്ടത്. രാജ്യത്തെ മതസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, കുടുംബങ്ങളുടെ അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിൽ ഈ വിധി വലിയൊരു മുന്നേറ്റമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും സഭാ നേതാക്കളും വിലയിരുത്തുന്നു.

Comments are closed.