ന്യൂ ഡൽഹി ; പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ പരിഗണിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി ബിൽ ഭാവിയിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഉപയോഗിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നതായി ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിൽ ഉന്നയിച്ച ആശങ്കകൾ സർക്കാർ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ. മാത്യു കോയിക്കൽ പറഞ്ഞു.
ഭരണഘടനാ ഉറപ്പുകൾക്കോ സ്വാഭാവിക നീതിക്കോ എതിരെയുള്ള വ്യവസ്ഥകൾ ബില്ലിലുണ്ടെങ്കിൽ പ്രതിപക്ഷം പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ വാദിക്കുന്നത് ക്രിസ്തീയ സഭകൾക്ക് വേണ്ടി മാത്രമല്ല, എൻജിഒകൾക്ക് വേണ്ടിക്കൂടിയാണ്. വിദേശ സംഭാവന ഉപയോഗിച്ച് നിർമ്മിച്ച സ്ഥാപനങ്ങൾ പെട്ടെന്നൊരു ദിവസം സർക്കാർ ഏറ്റെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എന്നാൽ ബിൽ പൂർണ്ണമായി തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജന ഉപകാരപ്രദമല്ലാത്ത വ്യവസ്ഥകളെ എതിർക്കുക എന്ന പൗരന്റെ കടമ മാത്രമാണ് സഭ നിർവ്വഹിച്ചത്. മുൻകാല പ്രാബല്യം, സ്വത്തുക്കൾ സ്ഥിരമായി ഏറ്റെടുക്കൽ എന്നിവയിലെ ആശങ്കകൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ന്യൂനപക്ഷകാര്യ മന്ത്രിക്കും നിവേദനം നൽകിയിരുന്നു. മുൻപ് അവതരിപ്പിച്ച ബിൽ അതുപോലെ ചർച്ചയ്‌ക്കെടുക്കാനാണ് നീക്കമെങ്കിലും, അവസാന നിമിഷം ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി സിബിസിഐഇ വ്യക്തമാക്കി.

Comments are closed.