ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ വ്യാജ മതനിന്ദാക്കേസിൽ കുടുങ്ങി മൂന്ന് വർഷത്തോളമായി ജയിലിൽ കഴിയുന്ന ക്രിസ്ത്യൻ ശുചീകരണത്തൊഴിലാളി ഇഷ്ത്യാഖ് സലീം വധശിക്ഷാ ഭീഷണിയിൽ. 34-കാരനായ സലീമിനെതിരെയുള്ള വിചാരണ നടപടികൾ ഒരു പ്രത്യേക കോടതിയിൽ പൂർത്തിയായതായും സഹപ്രതിയായ മുഹമ്മദ് ഉമൈറിന്റെ വിചാരണ നടപടികൾ അവസാനിച്ചാലുടൻ വിധി പറയുമെന്നുമാണ് റിപ്പോർട്ടുകൾ.
2022 നവംബറിലാണ് സലീമിനെ അധികൃതർ അറസ്റ്റ് ചെയ്തത്. താൻ ഡൗൺലോഡ് ചെയ്യാത്തതോ ഷെയർ ചെയ്യാത്തതോ ആയ ഉള്ളടക്കങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വന്നതിലൂടെ തന്റെ ഫോണിൽ ഇൻസ്റ്റാൾ ആയതാണെന്നും താൻ നിരപരാധിയാണെന്നും സലീം തുടക്കം മുതലേ ആവർത്തിക്കുന്നുണ്ട്. എന്നാൽ പാക്കിസ്ഥാനിലെ കർക്കശമായ മതനിന്ദാ നിയമപ്രകാരം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്. ഇതിനുപുറമെ ഖുർആൻ നിന്ദ, മതവികാരം വ്രണപ്പെടുത്തൽ, സൈബർ ക്രൈം നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവയും ഇദ്ദേഹത്തിന് മേൽ ചുമത്തിയിട്ടുണ്ട്.

Comments are closed.