കാർഡിഫ്: ബ്രിട്ടനിലെ ക്രൈസ്തവ സഭയുടെ ആദ്യകാല രൂപീകരണ ഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന നിർണ്ണായക കണ്ടെത്തലുകളുമായി വെയിൽസിലെ പുരാവസ്തു ഗവേഷകർ. കാർഡിഫ് വിമാനത്താവളത്തിന് സമീപമുള്ള ഫോൺമോൺ കാസിൽ പരിസരത്ത് നടത്തിയ ഖനനത്തിലാണ് ആറ്, ഏഴ് നൂറ്റാണ്ടുകളിലെ ക്രൈസ്തവ സമൂഹത്തിന്റേതെന്ന് കരുതുന്ന പുരാതന സെമിത്തേരി കണ്ടെത്തിയത്.
ഖനനത്തിൽ കണ്ടെത്തിയ 58 അസ്ഥികൂടങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളുടേതാണെന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതൊരു ആദ്യകാല സന്യാസിനീ സമൂഹമോ അല്ലെങ്കിൽ സ്ത്രീകൾക്ക് പ്രാധാന്യമുള്ള ഒരു പ്രത്യേക മതപരമായ സെറ്റിൽമെന്റോ ആകാം എന്ന നിഗമനത്തിലാണ് കാർഡിഫ് സർവ്വകലാശാലയിലെ ഡോ. ആന്റി സീമാനും സംഘവും. സെമിത്തേരിയുടെ മധ്യഭാഗത്തായി കാണപ്പെട്ട ചെറിയ കെട്ടിടം ഒരു ചാപ്പലോ അല്ലെങ്കിൽ വിശുദ്ധരുടെ സ്മരണാ സ്ഥലമോ ആകാനാണ് സാധ്യത. ഒരേ സ്ഥലത്ത് തന്നെ ഒന്നിലധികം മൃതദേഹങ്ങൾ ആവർത്തിച്ച് അടക്കം ചെയ്തത് ഈ സ്ഥലത്തിന്റെ ആത്മീയ പ്രാധാന്യമാണ് കാണിക്കുന്നത്.

Comments are closed.