Ultimate magazine theme for WordPress.

\”നിവാർ\” കാറ്റ് ,കനത്ത ജാഗ്രത , ട്രയിനുകൾ റദ്ദാക്കി

\”നിവാർ\” കാറ്റ് ,കനത്ത ജാഗ്രത , ട്രയിനുകൾ റദ്ദാക്കി

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് 100-110 കി.മീ. വേഗത്തില്‍ ബുധനാഴ്ച തീരം തൊടാനിരിക്കെ തമിഴ്‌നാട്ടില്‍ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നുണ്ട്. ചെന്നൈയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയില്‍ 50-65 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.

മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിലെ 290 കിലോമീറ്ററിനിടയില്‍ ബുധനാഴ്ച ഉച്ചയ്ക്കു ശേഷം നിവാര്‍ കരയില്‍ കടക്കുമെന്നാണു പ്രവചനം. കരയില്‍ തൊടുന്ന കൃത്യമായ സ്ഥലം ഇന്ന് വൈകിട്ടോടെ അറിയാനാകും. 100-110 കിലോ മീറ്ററായിരിക്കും കരയില്‍ തൊടുമ്പോള്‍ കാറ്റിന്റെ വേഗം. ചിലയിടങ്ങളില്‍ ഇതു 120 കി.മീ.വരെയാകാം. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കായി ചെന്നൈയില്‍ നിന്ന് 7 കിലോ മീറ്റര്‍ അകലെ 21നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

ഇന്നലെ രാത്രിയില്‍ ഇത് ചെന്നൈയ്ക്കു 490 കിലോ മീറ്റര്‍ അകലെയെത്തി. നിലവില്‍ മണിക്കൂറില്‍ 18 കിലോ മീറ്ററാണു വേഗം. ഇന്ന് ഉച്ചയോടെ ഇതു ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ഇതോടെ, വേഗം 50-65 കിലോമീറ്ററാകും. ഇറാനാണ് നിവാര്‍ എന്ന പേരു നല്‍കിയത്. തമിഴ്‌നാട്ടില്‍ 7 ജില്ലകളിലെ തീരപ്രദേശങ്ങളില്‍ നിവാര്‍ നാശം വിതയ്ക്കുമെന്നാണ് ആശങ്ക. കടലൂര്‍, തഞ്ചാവൂര്‍, ചെങ്കല്‍പേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂര്‍, വിഴുപുറം ജില്ലകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നാണ് പ്രവചനം. അരിയാലൂര്‍, പെരമ്പലൂര്‍, കള്ളക്കുറിച്ചി, പുതുച്ചേരി, തിരുവണ്ണാമല പ്രദേശങ്ങളെയും ബാധിക്കും.

ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനുകള്‍ രണ്ട് ദിവസത്തേയ്ക്കു റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്.

1. എഗ്മൂര്‍ -തഞ്ചാവൂര്‍ സ്‌പെഷല്‍
2. എഗ്മൂര്‍ -തിരുച്ചിറപ്പള്ളി സ്‌പെഷല്‍
3. മൈസുരു-മയിലാടുതുറ ട്രെയിന്‍ (മയിലാടുതുറയ്ക്കും തിരിച്ചുറപ്പള്ളിക്കുമിടയില്‍)
4. കാരയ്ക്കല്‍- എറണാകുളം പ്രതിവാര ട്രെയിന്‍ (കാരയ്ക്കലിനും തിരുച്ചിറപ്പള്ളിക്കുമിടയില്‍)
5. കോയമ്ബത്തൂര്‍ -മയിലാടുതുറ ട്രെയിന്‍ (മയിലാടു തുറയ്ക്കും തിരുച്ചിറപ്പള്ളിക്കുമിടയില്‍)
6. പുതുച്ചേരി-ഭുവനേശ്വര്‍ എക്‌സ്പ്രസ് (എഗ്മൂറിനും പുതുച്ചേരിക്കുമിടയില്‍)
7. പുതുച്ചേരി-ഹൗറ സൂപ്പര്‍ ഫാസ്റ്റ് (വിഴുപുറത്തിനും പുതുച്ചേരിക്കുമിടയില്‍)

ഏഴ് ജില്ലകളില്‍ ഇന്നു ഉച്ച മുതല്‍ മറ്റന്നാള്‍ രാവിലെവരെ ബസ് ഗതാഗതം നിരോധിച്ചു. കടലൂര്‍, തഞ്ചാവൂര്‍, ചെങ്കല്‍പേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂര്‍, വിഴുപുറം ജില്ലകളിലാണു നിരോധനം. ഏഴു ജില്ലകളില്‍ ഇന്നും നാളെയും ജനം പുറത്തിറങ്ങുന്നത് പരമാവധി കുറക്കണമെന്നാണ് നിര്‍ദേശം. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. പുനരധിവാസ കേന്ദ്രങ്ങളായി മാറ്റുന്നതിന് സ്‌കൂളുകളുടെ താക്കോല്‍ കൈമാറുന്നതിന് ജില്ലാ കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. നിവാര്‍ ബാധിക്കാന്‍ സാധ്യതയുള്ള ജില്ലകളിലേക്കു കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. ജലസംഭരണികളിലെ ജലത്തിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കാനും നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഏഴ് ജില്ലകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലൂര്‍, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. 26 വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിനും വിലക്കുണ്ട്. 18 അടി വരെ ഉയരത്തില്‍ തിരയടിക്കാമെന്നാണ് മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.