Ultimate magazine theme for WordPress.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് തികച്ചും അഭിനന്ദനാർഹമായ നടപടി: പെന്തെകോസ്തൽ യൂത്ത് കൗൺസിൽ

തിരുവല്ല: കാലാകാലങ്ങളായി ഒരു സമുദായത്തിൽ നിന്നുള്ളവർ മാത്രം അടക്കിവാണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുതിയ മന്ത്രിസഭയിൽ ബഹു. മുഖ്യമന്ത്രി ഏറ്റെടുത്തത്തിനെ പെന്തെകോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (P.Y.C) സ്വാഗതം ചെയ്തു.

ഇക്കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിൽ സ്വജനപക്ഷപാതം അതിന്റെ പരമകാഷ്ടയിൽ നിറഞ്ഞാടിയതുകൊണ്ട് ഇതര മതന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യൻ/ജൈന/സിഖ്‌ വിഭാഗങ്ങൾക്കു അർഹമായ യാതൊരു ആനുകൂല്യങ്ങളും ഗവർമെൻ്റ് തലത്തിൽ ലഭിച്ചിരുന്നില്ല.

ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മുന്നണി ഭൂരിപക്ഷം നേടിയ ഉടൻ തന്നെ നിരവധി ക്രൈസ്തവ സംഘടനകൾക്കൊപ്പം P.Y.C യും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രിസ്തീയ വിഭാഗത്തിലുള്ള ഒരു പ്രതിനിധിക്ക് നൽകേണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു ഇ-മെയിൽ സന്ദേശം അയക്കുകയും ബന്ധപ്പെട്ടവരെ ഫോണിൽ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു.

തൽഫലമായി ന്യൂനപക്ഷ വകുപ്പ്‌ ബഹു. മുഖ്യമന്ത്രി ഏറ്റെടുത്ത ധീരമായ നിലപാടിനെ അഭിനന്ദിച്ചു കൊണ്ടു P.Y.C ജനറൽ പ്രസിഡൻ്റ് ബ്രദർ അജി കല്ലിങ്കലിൻ്റെ അധ്യക്ഷതയിൽ P.Y.C ജനറൽ കൗൺസിലും കേരള സ്റ്റേറ്റ് കൗൺസിലും സംയുക്തമായി നടത്തിയ സൂം യോഗത്തിൽ P.Y.C ജനറൽ സെക്രട്ടറി പാസ്റ്റർ റോയ്സൺ ജോണി പ്രധാന പ്രമേയം അവതരിപ്പിച്ചു.അതോടൊപ്പം ഉടൻ നിയമിക്കപ്പെടുന്ന വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും പെന്തെകോസ്ത് സഭാംഗങ്ങൾക്കു അർഹമായ പ്രാതിനിത്യം ഉറപ്പുവരുത്തേണമെന്നു P.Y.C സ്റ്റേറ്റ് പ്രസിഡൻ്റ് ജിനു വർഗ്ഗീസ് പത്തനാപുരം ആവശ്യപ്പെട്ടു.

ന്യൂനപക്ഷ സംവരണ വിഷയത്തിൽ സർക്കാറിൻ്റെ മുൻ നിലപാട് (80:20) തിരുത്തേണമെന്നും, ന്യൂനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ക്രിസ്തീയ സമുദായത്തിൽ നിന്നുള്ളവർക്ക് നൽകേണമെന്നും സർക്കാറിനോട് ആവശ്യപ്പെടേണമെന്നു P.Y.C സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാല അഭിപ്രായപ്പെട്ടു.

അതോടൊപ്പം സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലെ ഒരംഗമായി പെന്തെകോസ്ത് പ്രതിനിധിയെ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതിലേക്ക് വേണ്ടുന്ന നടപടികൾ സ്വീകരിക്കേണമെന്നു P.Y.C മലബാർ സോൺ പ്രസിഡൻ്റ് പാസ്റ്റർ സിജു സ്കറിയ ആവശ്യപ്പെട്ടു.

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ മുൻ സർക്കാർ നിയമിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ്റെ റിപ്പോർട്ട് ലഭിക്കുന്നമുറക്ക് അതിലെ ശുപാർശകൾ അടിയന്തരമായി നടപ്പിലാക്കാൻ സർക്കാർ ഉത്സാഹിക്കണമെന്നു P.Y.C കോസ്റ്റൽ സോൺ പ്രസിഡൻ്റ് പാസ്റ്റർ അനീഷ് ഉമ്മൻ ഉപപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കൂടാതെ P.Y.C സംസ്ഥാന കൗൺസിലിൻ്റെ ചുമതലയിൽ ഹാർവെസ്റ്റ് ടെലിവിഷനിൽ ദേശത്തിൻ്റെ സൗഖ്യത്തിനു വേണ്ടി നടത്തിയ സപ്തദിന ഉപവാസ പ്രാർത്ഥന വളരെ അനുഗ്രഹമായിരുന്നുവെന്നും യോഗം വിലയിരുത്തി.
അനേകായിരങ്ങൾക്കു ആശ്വാസദായകമായ നിലയിൽ പ്രസ്തുത യോഗങ്ങൾ ക്രമീകരിച്ച ബ്രദർ ജിനു വർഗ്ഗീസിൻ്റെ നേതൃത്വത്തിലുള്ള PYC സ്റ്റേറ്റ് കമ്മറ്റിയെയും, അതിനായി അക്ഷീണം പരിശ്രമിച്ച സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാലയെയും, ഹാർവെസ്റ്റ് ടെലിവിഷൻ മാനേജിംഗ് ഡയറക്ടർ ബിബി ജോർജ്ജ് ചാക്കോയേയും P.Y.C ക്കു വേണ്ടി പാസ്റ്റർ ബിജേഷ് തോമസ് അഭിനന്ദിച്ചു.

മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രീസിൻ്റെ (CNL-7) ചുമതല വഹിക്കുന്ന ബ്രദർ അജി ജോർജ്ജിൻ്റെ ഉത്സാഹത്താലും ധനസഹായത്താലും PYCയുമായി ചേർന്ന് കൊവിഡ് പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്ന നൂറു കണക്കിന് ദൈവദാസൻമാർക്കും വിശ്വാസി സമൂഹത്തിനും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. P.Y.C പ്രവർത്തകർ വഴി ഇടുക്കി, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് സഹായം എത്തിച്ചത്. ബ്രദർ അജി ജോർജ്ജിനും, P.Y.C
മുൻ പ്രസിഡൻ്റായ പാസ്റ്റർ ലിജോ ജോസഫിനും ഈ സദുദ്യമത്തിൽ ഭാഗഭാക്കായ എല്ലാ P.Y.C ചുമതലക്കാർക്കുമുള്ള നന്ദി പ്രമേയം ബ്രദർ പ്രിജോ ഏബ്രഹാം കാച്ചാണത്ത് അവതരിപ്പിച്ചു. P.Y.C മുൻ പ്രസിഡൻ്റ് പാസ്റ്റർ ലിജോ കെ. ജോസഫ്, മുൻ സെക്രട്ടറി ബ്ലസ്സിൻ ജോൺ മലയിൽ എന്നിവരെ കൂടാതെ ജനറൽ-സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സിസ്റ്റർ ജിൻസി സാം, സിസ്റ്റർ ഫേബ മനോജ്, പാസ്റ്റർ പ്രിൻസ് ജോസഫ്, പാസ്റ്റർ ബ്ലസ്സൻ ജോർജ്ജ്, പാസ്റ്റർ രാജീവ് ജോൺ പൂഴനാട്, പാസ്റ്റർ റെണാൾഡ് K. സണ്ണി, ബ്രദർ ഫിന്നി മല്ലപ്പള്ളി തുടങ്ങിയവരും പ്രസംഗിച്ചു.

P.Y.C ജനറൽ ട്രഷറർ പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം സ്വാഗതവും ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഷൈജു തോമസ് ഞാറക്കൽ നന്ദിയും അറിയിച്ചു.

P.Y.C ജനറൽ കൗൺസിൽ ജോയ്ൻ്റ് സെക്രട്ടറി പാസ്റ്റർ തേജസ്സ് ജേക്കബ്ബ് വർഗ്ഗീസിൻ്റെ പ്രാർത്ഥനയോടെ യോഗം സമാപിച്ചു.

Leave A Reply

Your email address will not be published.