Ultimate magazine theme for WordPress.

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി

മാകുര്‍ഡി: നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി. ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 11 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ബെന്യു സംസ്ഥാന തലസ്ഥാനത്തിലെ മാകുര്‍ഡിക്ക് സമീപമുള്ള ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രി 9 മണിക്കാണ് ആക്രമണം നടന്നിരിക്കുന്നത്. മാരകമായി മുറിവേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഫുലാനികളാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നത്. ഈ സംഭവത്തിലും പോലീസും സുരക്ഷാ ഏജന്‍സികളും വൈകിയാണ് എത്തിയത്. അതുകൊണ്ട് തന്നെ അക്രമികളെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന്‍ ചൂണ്ടിക്കാട്ടിയ രൂപതയുടെ വികാരി ജനറാളായ ഫാ. മോസസ് ലോരാപ്പു നൈജീരിയന്‍ സര്‍ക്കാരും അന്താരാഷ്ട്ര സമൂഹവും തങ്ങളെ ഉപേക്ഷിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിരിക്കുകയാണെന്ന്‍ വേദനയോടെ അറിയിച്ചു. ഇസ്ലാമിക തീവ്രവാദി സംഘടനകളിലൊന്നായ ബൊക്കോഹറാം രൂപീകരിക്കപ്പെട്ടത് മുതല്‍ നൈജീരിയയില്‍ കടുത്ത അരക്ഷിതാവസ്ഥയാണ് ഉള്ളത്. നൈജീരിയയേ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ക്രൈസ്തവർ ഉൾപ്പെടെയുള്ള വിശ്വാസികള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, സാധാരണക്കാര്‍ക്കും എതിരേ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ബൊക്കോഹറാം നടത്തിവരുന്നത്.

Leave A Reply

Your email address will not be published.