പഞ്ചാബ് : പാകിസ്ഥാനിൽ 2014-ൽ ക്രിസ്ത്യൻ ദമ്പതികളെ ജീവനോടെ തല്ലിച്ചതച്ച് ഇഷ്ടികച്ചൂളയിലിട്ട് ദാരുണമായി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പ്രതികളെ സുപ്രീം കോടതി വെറുതെവിട്ടു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും കൃത്യമായ തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഷെഹ്സാദ് അഹമ്മദ് ഖാൻ, ജസ്റ്റിസ് അഖീൽ അഹമ്മദ് അബ്ബാസി, ജസ്റ്റിസ് ഷക്കീൽ അഹമ്മദ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നടപടി.
കേസ് ക്രൂരവും ഞെട്ടിക്കുന്നതുമാണെങ്കിലും ശക്തമായ തെളിവുകളില്ലാതെ ആരെയും ശിക്ഷിക്കാൻ കഴിയില്ലെന്ന് 26 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. 2014 നവംബർ 4-നാണ് പഞ്ചാബ് പ്രവിശ്യയിലെ കോട്ട് രാധാ കിഷനിൽ വെച്ച് ഷെഹ്സാദ് മസീഹ്, ഗർഭിണിയായ ഭാര്യ ഷമാ ബീബി എന്നിവരെ ജനക്കൂട്ടം കൊലപ്പെടുത്തിയത്. വിശുദ്ധ ഗ്രന്ഥം അപമാനിച്ചുവെന്ന വ്യാജ ആരോപണം ഉന്നയിച്ചായിരുന്നു ആക്രമണം.
ഓഫിസിൽ അഭയം പ്രാപിച്ച ദമ്പതികളെ കെട്ടിടത്തിന്റെ മേൽക്കൂര തകർത്ത് പുറത്തേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ച ശേഷം കത്തിജ്വലിക്കുന്ന ഇഷ്ടികച്ചൂളയിലേക്ക് എറിയുകയായിരുന്നു. കേസന്വേഷണത്തിലും സാക്ഷിവിസ്താരത്തിലും പ്രോസിക്യൂഷന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രമുഖ ക്രിസ്ത്യൻ അഭിഭാഷകൻ ലാസർ അള്ളാ രാഖ ചൂണ്ടിക്കാട്ടി.

Comments are closed.