Official Website

മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കു വിലക്ക്

0 128

മനാഗ്വേ: മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെ നൂറ്റിയൊന്നോളം സര്‍ക്കാരേതര സന്നദ്ധ സംഘടകളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാന്‍ മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വേ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. സാന്‍ഡിനിസ്റ്റാ നിയമസാമാജികനായ ഫിലിബെര്‍ട്ടോ റോഡ്രിഗസ് ജൂണ്‍ 22-ന് നാഷ്ണല്‍ അസംബ്ലിക്ക് സമര്‍പ്പിച്ച രേഖയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ‘നാഷ്ണല്‍ ഡയറക്ടറേറ്റ് ഓഫ് രജിസ്ട്രേഷന്‍ ആന്‍ഡ്‌ കണ്‍ട്രോള്‍ ഓഫ് നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍സ് ഫോളോവിംഗ് ഡ്യൂ പ്രൊസസ് ഓഫ് ലോ’യുടെ അപേക്ഷ പ്രകാരം ആണ് വിവിധ അസോസിയേഷനുകളുടെയും ഫൗണ്ടേഷനുകളുടെയും നിയമപരമായ സാധുത റദ്ദാക്കുവാനുള്ള രഹസ്യ തീരുമാനം. ഇതേക്കുറിച്ച് നാഷ്ണല്‍ അസംബ്ലി വരുംദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് പുറമേ, നിക്കരാഗ്വേക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക ഫൗണ്ടേഷന്‍, സ്പിരിച്വാലിറ്റി ഫൗണ്ടേഷന്‍, മൈ ചൈല്‍ഡ്ഫണ്ട്‌ മദേഴ്സ് ഫൗണ്ടേഷന്‍, ഡിരിയോമിറ്റോ ചില്‍ഡ്രന്‍സ് കെയര്‍ ഹോം അസോസിയേഷന്‍ തുടങ്ങിയവും അടച്ചുപൂട്ടപ്പെടും. മദര്‍ തെരേസയുടെ നിക്കരാഗ്വേ സന്ദര്‍ശനത്തേത്തുടര്‍ന്ന്‍ 1988 ഓഗസ്റ്റ് 16-നാണ് സന്യാസ സമൂഹം നിക്കരാഗ്വേയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. തലസ്ഥാനമായ മനാഗ്വേയില്‍ പ്രായമായവര്‍ക്ക് വേണ്ടിയുള്ള നേഴ്സിംഗ് ഹോമും, കുട്ടികള്‍ക്ക് വേണ്ടിയുള്ള റെമഡിയല്‍ എജ്യൂക്കേഷനും, പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള നഴ്സറിയും ഇവര്‍ നടത്തുന്നുണ്ട്. നാഷണല്‍ അസ്സംബ്ലി ഉത്തരവ് അംഗീകാരിച്ചാല്‍ മാത്രമേ അടച്ചുപൂട്ടല്‍ സാധ്യമാവുകയുള്ളൂ.എന്നാല്‍ ഒര്‍ട്ടേഗയുടെ പാര്‍ട്ടിക്ക് 90-ല്‍ 70 സീറ്റിന്റെ ഭൂരിപക്ഷമുള്ളതിനാല്‍ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 2007-ല്‍ അധികാരത്തിലേറിയ നിക്കാരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നി റൊസാരിയോ മുറില്ലയും ക്രൈസ്തവ സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

Comments
Loading...
%d bloggers like this: