അങ്കോറേജ്: അലാസ്കയിലെ അങ്കോറേജിൽ യേശുവിന്റെ നാമം ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച 35-കാരനായ ഡെഷലോൺ ജെൽക്സിനെതിരെയുള്ള കേസുകൾ അധികൃതർ പിൻവലിച്ചു. ഫെബ്രുവരി 26-ന് നടന്ന സംഭവത്തിൽ ഇയാൾക്കെതിരെ ചുമത്തിയിരുന്ന അഞ്ച് കുറ്റങ്ങളാണ് മാർച്ച് 3-ന് പ്രോസിക്യൂഷൻ കോടതിയിൽ നിന്ന് പിൻവലിച്ചത്. എന്നാൽ ഭാവിയിൽ കേസ് വീണ്ടും തുറക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അങ്കോറേജിലെ ‘ക്രെഡിറ്റ് യൂണിയൻ 1’ എന്ന ബാങ്കിലെത്തിയ ജെൽക്സ് താൻ യേശുക്രിസ്തുവിന്റെ അധികാരവും ശക്തിയുമാണ് ആയുധമാക്കിയിരിക്കുന്നതെന്ന് കാണിച്ച് ബാങ്ക് ജീവനക്കാരിക്ക് കുറിപ്പ് നൽകുകയായിരുന്നു. “എന്റെ പക്കൽ ആയുധമുണ്ട്, ആ ആയുധം യേശുക്രിസ്തുവിന്റെ ശക്തിയും അധികാരവുമാണ്. അലാറം അടിക്കാതെ പണം എൻവലപ്പിലാക്കി നൽകുക” എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം. ഭീഷണിക്ക് വഴങ്ങി ജീവനക്കാരി പണം നൽകിയെങ്കിലും അതിൽ ട്രാക്കിംഗ് ഉപകരണം ഉണ്ടായിരുന്നു. ഈ ഉപകരണം ഉപയോഗിച്ച് ബാങ്കിന് അടുത്തുള്ള കോസ്കോ സൂപ്പർമാർക്കറ്റിൽ വെച്ച് പോലീസ് ഇയാളെ പിടികൂടി. ഇയാളിൽ നിന്ന് 1,701 ഡോളർ കണ്ടെടുത്തു.

Comments are closed.