യു കെ യിൽ ബോക്‌സിങ് റിങ്ങില്‍ വച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി മരണമടഞ്ഞു
കവന്‍ട്രി : കഴിഞ്ഞ ഒരാഴ്ചയായി മരണവുമായി മല്ലിട്ട നോട്ടിങ്ഹാം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ജുബല്‍ റെജി കുര്യന്‍ മരണത്തിനു കീഴടങ്ങി. അബുദാബി മലയാളികളായ ജുബലിന്റെ മാതാപിതാക്കള്‍ മാർച്ച് 29 ബുധനാഴ്ച്ച യു കെ യില്‍ എത്തി മകനെ നേരിട്ട് കണ്ടു ഡോക്ടര്‍മാരുമായി മണിക്കൂറുകള്‍ സംസാരിച്ചതോടെയാണ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഓഫ് ചെയ്യാന്‍ തീരുമാനമായത്. ഇക്കഴിഞ്ഞ മാർച്ച് 25 ശനിയാഴ്ച ചാരിറ്റി ഇവന്റുമായി ബന്ധപ്പെട്ട ബോക്‌സിങ് മത്സരത്തില്‍ റിങ്ങില്‍ ഉണ്ടായ അപകടത്തില്‍ തലയിടിച്ചു വീണാണ് ജുബലിന് ഗുരുതരമായ പരുക്കേറ്റത്.
ജുബലിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ കുടുംബത്തെ കാര്യങ്ങള്‍ നേരിട്ട് ധരിപ്പിക്കുന്നതിനുള്ള ശ്രമായിരുന്നു. ബോക്‌സിങ് മത്സരത്തില്‍ ആദ്യ രണ്ടു റൗണ്ടില്‍ വിജയിച്ച ജുബല്‍ മൂന്നാം റൗണ്ടിലാണ് മരണ കാരണമാകുന്ന പരുക്കിന് വിധേയനാകുന്നത്. ഉടന്‍ ജീവന്‍ രക്ഷാ ശ്രമങ്ങള്‍ നടത്തിയ മെഡിക്കല്‍ സംഘം ജുബലിനെ ആശുപത്രിയില്‍ എത്തിച്ച് അപകട നില തരണം ചെയ്യാനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും നടത്തിയിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.
നോട്ടിങ്ഹാം യൂണിവേഴ്സിറ്റിയില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയായി എത്തിയ മകന് നേരിട്ട ആകസ്മിക ദുരന്തം ഇപ്പോഴും മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. നോട്ടിങ്ഹാം മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ നേതൃത്വത്തില്‍ ഇവര്‍ക്കു സാന്ത്വനമാകാനുള്ള എല്ലാ ശ്രമവും നടത്തി വരികയാണെന്നു പൊതു പ്രവര്‍ത്തകനായ ഡിക്‌സ് ജോര്‍ജ് അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ മണിക്കൂറുകളോളം ഡോക്ടര്‍മാരുമായി മാതാപിതാക്കള്‍ സംസാരിച്ച ശേഷമാണ് അന്തിമ തീരുമാനം ഉണ്ടായത്. അബുദാബി പോര്‍ട്ട് ജീവനക്കാരനായ ജുബലിന്റെ പിതാവ് കോട്ടയം സ്വദേശിയാണ്. ഏറെക്കാലമായി ഈ കുടുംബം അബുദാബിയില്‍ സ്ഥിര താമസമാണ്.
ചെറു പ്രായത്തില്‍ മരിച്ച ജുബലിന്റെ അവയവങ്ങള്‍ മറ്റനേകര്‍ക്ക് പുതു ജീവന്‍ നല്‍കും എന്ന് മാതാപിതാക്കളെ ധരിപ്പിക്കാനായതോടെ കിഡ്നി അടക്കമുള്ള ആന്തരിക അവയവങ്ങള്‍ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ് എന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. സാധ്യമായ മറ്റി അവയവങ്ങളും ദാനം ചെയ്യാന്‍ കുടുംബം സമ്മതം അറിയിച്ചിട്ടുണ്ട്. ഇതോടെ ഏവരെയും പ്രയാസപ്പെടുത്തിയുള്ള മരണമാണ് ജുബലിനെ തേടിയെത്തിയതെങ്കിലും മരണത്തെ തുടര്‍ന്ന് ഹീറോ ആയിരിക്കുകയാണ് ജുബല്‍. നാളെകളില്‍ മകനെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാന്‍ മാതാപിതാക്കള്‍ക്ക് അവന്റെ ഇനിയും ജീവിച്ചിരിക്കുന്ന അവയവങ്ങളും അവ സ്വീകരിച്ചു പുതു ജീവിതത്തിലേക്ക് കടക്കുന്ന മനുഷ്യരെ കുറിച്ചുള്ള ഓര്‍മ്മകളും കൂടെയുണ്ടാകും.
അബുദാബിയില്‍ വളര്‍ന്നു യുകെയില്‍ പഠിക്കാന്‍ എത്തിയ ജുബല്‍ മരണത്തെ തുടര്‍ന്ന് അവയവ ദാനം വഴി മറ്റുള്ളവരുടെ ജീവനിലേക്ക് പടര്‍ന്ന് കയറുന്നതോടെ ഇനിയും ഏറെക്കാലം യു കെ യുടെ അഭിമാനമായി നമുക്കൊപ്പം ഉണ്ടാകുമെന്നത് ഓരോ യുകെ മലയാളിക്കും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനാകുന്ന കാര്യമാണ്. ഒരു വിദ്യാര്‍ത്ഥി യു കെ യിലെത്തി അപകടത്തില്‍ മരിക്കുന്നത് അസാധാരണം അല്ലെങ്കിലും ജുബലിന്റെ മാതാപിതക്കള്‍ എടുത്ത തീരുമാനം വഴി മരണത്തിലൂടെ ജുബല്‍ അനശ്വരനായി മാറിയിരിക്കുകയാണ്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.