പിംപ്രി-ചിഞ്ച്വാദ്: മഹാരാഷ്ട്രയിലെ കലേവാഡി രാജ്വാഡെ നഗറിലെ ജീസസ് ഈസ് ലോർഡ് ചർച്ച് കോടതി സ്റ്റേ ഉണ്ടായിട്ടും സെപ്റ്റംബർ 7ന് അർദ്ധരാത്രി മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചു. കോടതി രേഖകൾ കാണിച്ചിട്ടും ഉദ്യോഗസ്ഥർ പരിശോധിക്കാൻ കൂട്ടാക്കിയില്ലെന്നും വീഡിയോ എടുക്കാൻ സമ്മതിച്ചില്ലെന്നും വിശ്വാസി റോസ് മാത്യൂസ് പറഞ്ഞു.
പൂനെയോട് ചേർന്നുള്ള വ്യവസായ ഹബ്ബായ പിംപ്രി-ചിഞ്ച്വാദിൽ വലിയ പോലീസ് സന്നാഹത്തോടെ മൂന്ന് ജെസിബി ഉപയോഗിച്ചാണ് പൊളിക്കൽ നടത്തിയത്. കോടതി ഹിയറിംഗിന് മണിക്കൂറുകൾക്ക് മുൻപ് നിയമപ്രകാരമുള്ള മുന്നറിയിപ്പ് പോലും നൽകാതെയാണ് നടപടി. 7400 ചതുരശ്ര അടി അനധികൃത കെട്ടിടങ്ങൾ പൊളിച്ചെന്നാണ് കോർപ്പറേഷന്റെ വിശദീകരണം.
ദരിദ്രരായ വിശ്വാസികളുടെ ചെറിയ സംഭാവനകൾ കൊണ്ട് കുറച്ച് വർഷം മുൻപ് പണിത സഭയാണ് ഇത്. പ്രാർത്ഥിച്ചു കൊണ്ടിരുന്ന 20-25 പേർക്ക് ഫർണിച്ചർ പോലും എടുക്കാൻ കഴിഞ്ഞില്ലെന്ന് സാമുവൽ ജോസഫ് പറഞ്ഞു. ഓഗസ്റ്റ് 28ന് നിലവിൽ വന്ന മഹാരാഷ്ട്ര മതപരിവർത്തന നിരോധന നിയമത്തിന് പിന്നാലെ ക്രൈസ്തവർക്ക് നേരെ സമ്മർദ്ദം കൂടുന്നതിന്റെ ഭാഗമാണ് ഇതെന്ന് ക്രൈസ്തവ ആക്ടിവിസ്റ്റ് റോയ് മാത്യൂസ് ആരോപിച്ചു.

Comments are closed.