വത്തിക്കാൻ : കത്തോലിക്കാ സഭയുടെ അഞ്ച് ആഴ്ച നീണ്ടുനിൽക്കുന്ന ‘സൃഷ്ടിയുടെ കാലം’ (Season of Creation) പരിപാടിക്ക് മാർപ്പാപ്പ തുടക്കം കുറിച്ചു. പരിസ്ഥിതിയുമായുള്ള മനുഷ്യന്റെ ബന്ധം പുനഃസ്ഥാപിക്കാൻ ഇനിയും വൈകിയിട്ടില്ലെന്ന് ലോക പ്രാർത്ഥനാ ദിനത്തിൽ കാസ്റ്റൽ ഗാൻഡോൾഫോയിൽ നടന്ന ദിവ്യബലിയിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.
സൃഷ്ടിയുടെ മനോഹരമായ ശബ്ദം കേൾക്കാനും അതിനെ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം തിരിച്ചറിയാനും ദൈനംദിന തിരക്കുകളിൽ നിന്ന് മാറിനിൽക്കാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. സ്രഷ്ടാവിന്റെ ഹിതമനുസരിച്ച് എല്ലാ ജീവജാലങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ മനുഷ്യരാശി പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ആയുധ നിർമ്മാണത്തിനും യുദ്ധങ്ങൾക്കും ഉപയോഗിക്കുന്ന വിഭവങ്ങൾ പാവപ്പെട്ടവരുടെ സംരക്ഷണത്തിനും വിശപ്പകറ്റുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി വഴിതിരിച്ചുവിടണമെന്ന് ഈ വർഷത്തെ വിഷയം മുൻനിർത്തി മാർപ്പാപ്പ വ്യക്തമാക്കി. അക്രമങ്ങൾ ഉപേക്ഷിച്ച് സൃഷ്ടിയുടെ പരിപാലനത്തിനായി എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന് സന്ദേശത്തിൽ പറയുന്നു.

Comments are closed.