കൊച്ചി: ക്രൈസ്തവ സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് അവർ നിലവിൽ താമസിക്കുന്ന സ്ഥലത്തെ കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ചരിത്രവിധി. വയനാട് സ്വദേശിനിയുടെ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവിട്ടത്.
കാസർഗോഡ് താമസിച്ചിരുന്ന ഹർജിക്കാരി പിണങ്ങി കൽപ്പറ്റയിലെ കുടുംബക്കോടതിയിൽ ഹർജി നൽകിയെങ്കിലും നിയമപരമായ തടസ്സം ചൂണ്ടിക്കാട്ടി മുൻപ് കോടതികൾ ഹർജി തള്ളിയിരുന്നു. ഭാര്യയും ഭർത്താവും ഒന്നിച്ച് താമസിച്ച സ്ഥലത്ത് മാത്രമേ ഹർജി നൽകാനാകൂ എന്നായിരുന്നു ക്രൈസ്തവ വിവാഹമോചന നിയമത്തിലെ നിലവിലുണ്ടായിരുന്ന വ്യവസ്ഥ.
എന്നാൽ ഹിന്ദു വിവാഹ നിയമത്തിലും സ്‌പെഷൽ മാര്യേജ് ആക്ടിലും ഉള്ളതുപോലെ ഭാര്യക്ക് താമസസ്ഥലത്ത് ഹർജി നൽകാൻ കഴിയാത്തത് ഭരണഘടനാവിരുദ്ധമായ വിവേചനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമത്തിലെ വ്യവസ്ഥയെ വിശാലമായി വ്യാഖ്യാനിച്ച കോടതി, സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹർജിക്കാരിക്ക് അനുകൂലമായി വിധിക്കുകയായിരുന്നു

Comments are closed.