അരിസോണ : അരിസോണയിലെ ട്രിനിറ്റി ചർച്ച് പാസ്റ്റർ മാർക്ക് ഡ്രിസ്‌കോൾ തത്സമയ പോഡ്‌കാസ്റ്റിൽ പങ്കുവെച്ച പരാമർശങ്ങൾ സഭകളിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നു. തീത്തോസ് 1, 1 തിമോഥെയൊസ് 3 എന്നീ ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ച്, പാസ്റ്റർമാർക്ക് ആത്മനിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുന്ന വേദപുസ്തക നിലപാടുകൾ ഉയർത്തിക്കാട്ടിയാണ് അമിതവണ്ണം അമിതഭക്ഷണപ്രിയത്തിന്റെ ഫലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
അമിതമദ്യപാനം പോലെ തന്നെ അമിതഭക്ഷണപ്രിയവും ആത്മനിയന്ത്രണമില്ലായ്മയുടെ ലക്ഷണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാപ്റ്റിസ്റ്റ് വിഭാഗത്തിലെ ചില പാസ്റ്റർമാർക്കിടയിലാണ് അമിതവണ്ണം കൂടുതൽ കണ്ടുവരുന്നതെന്നും തമാശരൂപേണ അദ്ദേഹം വിമർശിച്ചു. വിവിധ ക്രിസ്തീയ സഭാ പാരമ്പര്യങ്ങളിൽ ചില തെറ്റുകൾ നിരോധിക്കുമ്പോൾ മറ്റ് ചില പോരായ്മകൾ സഹിഷ്ണുതയോടെ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ അമിതവണ്ണം കേവലം ഒരു വ്യക്തിഗത വീഴ്ചയോ ഭക്ഷണപ്രിയമോ മാത്രമല്ലെന്ന് അമേരിക്കൻ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. ജനിതക ഘടകങ്ങൾ, മാനസിക സമ്മർദ്ദം, ശാരീരിക പശ്ചാത്തലം എന്നിവയൊക്കെ അമിതവണ്ണത്തിന് കാരണമാകാം. ഒരു പാസ്റ്ററുടെ യോഗ്യതയെ അമിതവണ്ണവുമായി ബന്ധിപ്പിക്കുന്നതിനെതിരെ കടുത്ത അമർഷവും ഉയരുന്നുണ്ട്.

Comments are closed.