പാകിസ്ഥാൻ : പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിയെടുത്ത് നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന ക്രൂരതയ്‌ക്കെതിരെ രാജ്യാന്തര സമൂഹം ശബ്ദമുയർത്തണമെന്ന് പാകിസ്ഥാനി ക്രൈസ്തവ വനിത റിബ്ഖ നെവാഷ്. ബ്രിട്ടനിലെ ബർമിംഗ്ഹാമിൽ നടന്ന ‘വീബിലീവ്’ കത്തോലിക്കാ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അവർ.
പാകിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടികൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും നിരന്തരമായ വധഭീഷണിയെ തുടർന്നാണ് 2023-ൽ തനിക്ക് രാജ്യം വിടേണ്ടി വന്നതെന്നും റിബ്ഖ വെളിപ്പെടുത്തി. തട്ടിയെടുക്കപ്പെട്ട 13 കാരിയായ മരിയ ഷഹ്ബാസ് എന്ന പെൺകുട്ടിയുടെ വിവാഹം സാധൂകരിച്ച പാകിസ്ഥാൻ കോടതി വിധിക്കെതിരെയും അവർ കടുത്ത പ്രതിഷേധമറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മുസ്ലീം പുരുഷന്മാർ വിവാഹം കഴിക്കുന്നത് നിയമവിധേയമാക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. പാവപ്പെട്ട ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും, പ്രതിവർഷം രണ്ടായിരത്തോളം പെൺകുട്ടികൾ ഇത്തരത്തിൽ ഇരയാകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

Comments are closed.