ന്യൂയോർക്ക് : 2026 ലോകകപ്പിന്റെ ആവേശകരമായ ഫൈനൽ മത്സരത്തിനായി ലോകം കാത്തിരിക്കുമ്പോൾ, കായിക രംഗത്തെ വിജയങ്ങളും നേട്ടങ്ങളും നൽകുന്ന ആനന്ദം താൽക്കാലികം മാത്രമാണെന്ന് ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യൻ അത്ലറ്റ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷോൺ സ്മിത്സൺ. ജീവിതത്തിൽ വലിയ വിജയങ്ങൾ കൈവരിച്ച ശേഷവും മനുഷ്യനിൽ അവശേഷിക്കുന്ന ശൂന്യതയ്ക്ക് പരിഹാരം ക്രിസ്തുവിലൂടെ മാത്രമേ സാധ്യമാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വിജയങ്ങളുടെയും അംഗീകാരങ്ങളുടെയും ലഹരി പെട്ടെന്ന് അവസാനിക്കുമെന്നും, മനുഷ്യന്റെ ആത്മീയമായ ദാഹത്തെ ഭൗതിക നേട്ടങ്ങൾക്കൊണ്ട് മാത്രം തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നും റോമാലേഖനത്തെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി. സ്വന്തം ലക്ഷ്യങ്ങൾക്ക് പിന്നാലെ പായുന്നതിനേക്കാൾ, ദൈവഹിതത്തിന് ജീവിതം സമർപ്പിക്കുമ്പോഴാണ് ഒരു കായികതാരത്തിന് യഥാർത്ഥ സംതൃപ്തി കണ്ടെത്താനാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കായികതാരങ്ങളെ വെറുമൊരു അത്ലറ്റായല്ല, മറിച്ച് നിത്യമായ മൂല്യമുള്ള ഒരു ആത്മീയ ദൈവാലയത്തിലെ ‘ജീവനുള്ള കല്ലുകളാ’യാണ് ദൈവം രൂപപ്പെടുത്തുന്നത്. കളിസ്ഥലങ്ങളിലെ കൈയടികളേക്കാൾ, ദൈവത്തിൽ നിന്ന് ലഭിക്കുന്ന ‘നല്ലവനും വിശ്വസ്തനുമായ ദാസനേ’ എന്ന അംഗീകാരമാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് വ്യക്തമാക്കിയ അദ്ദേഹം, കായികതാരങ്ങൾ തങ്ങളുടെ മൂല്യം കണ്ടെത്തേണ്ടത് നേട്ടങ്ങളിലല്ല, ക്രിസ്തുവിലാണെന്ന് ഓർമ്മിപ്പിച്ചു.

Comments are closed.