വാഷിംഗ്‌ടൺ : യുഎസ് സൈനികർക്കായി അംഗീകരിച്ചിട്ടുള്ള മതങ്ങളുടെ പട്ടികയിൽ നിന്ന് വിക്ക, നിയോ- പേഗൻ വിശ്വാസങ്ങൾ ഉൾപ്പെടെ ഏകദേശം 180 വിശ്വാസധാരകൾ ഒഴിവാക്കാൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് വാർ തീരുമാനിച്ചു. ഇതോടെ സൈന്യത്തിന്റെ ഔദ്യോഗിക പട്ടികയിലുണ്ടായിരുന്ന മതവിശ്വാസങ്ങളുടെ എണ്ണം 211-ൽ നിന്നും വെറും 31 ആയി ചുരുങ്ങിയതായി മിലിട്ടറി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾക്ക് പ്രാധാന്യമുള്ള ഈ പുതിയ പട്ടിക വഴി സൈനികരുടെ വ്യക്തിപരമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതമായ ആത്മീയ പിന്തുണ നൽകാൻ ചാപ്ലെയ്ൻമാർക്ക് സാധിക്കുമെന്ന് മെയ് 20-ന്റെ ഔദ്യോഗിക മെമ്മോയിൽ വ്യക്തമാക്കുന്നു. അണ്ടർസെക്രട്ടറി എൽബ്രിഡ്ജ് എ. കോൾബി പുറപ്പെടുവിച്ചതും ആന്റണി ടാറ്റ ഒപ്പുവെച്ചതുമായ ഈ ഉത്തരവ് ഉടൻ നിലവിൽ വരും.
പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവയിൽ അഥീസം, ദ്രൂയിഡിസം, ഷാമനിസം, ന്യൂ ഏജ് വിശ്വാസങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. അഥീസത്തിന് പകരം ‘മതമില്ല’ എന്നായിരിക്കും ഇനി രേഖപ്പെടുത്തുക. എന്നാൽ, കത്തോലിക്കാ ഉൾപ്പെടെയുള്ള വിവിധ ക്രിസ്തീയ വിഭാഗങ്ങളും ബുദ്ധ, ഹിന്ദു, ഇസ്ലാം, ജൂത, സിഖ് മതങ്ങളും ബഹായി വിശ്വാസവും മാത്രമാണ് ഇനി ഔദ്യോഗികമായി പട്ടികയിൽ അവശേഷിക്കുന്നത്.

Comments are closed.