ദക്ഷിണാഫ്രിക്ക : ഒരു സഭ വളരുന്നു എന്നതുകൊണ്ട് മാത്രം അവിടെ ദൈവത്തിന്റെ പ്രവർത്തനമാണെന്ന് ഉറപ്പിക്കാനാകുമോ? ആയിരക്കണക്കിന് ആളുകൾ ഒരു ശുശ്രൂഷയുടെ പിന്നാലെ പോകുന്നു എന്നതുകൊണ്ട് ആ ശുശ്രൂഷയുടെ ഉറവിടം പരിശുദ്ധാത്മാവാണെന്ന് പറയാനാകുമോ? ദക്ഷിണാഫ്രിക്കയിലെ ഒരു മുൻ പാസ്റ്ററുടെ ജീവിതവെളിപ്പെടുത്തൽ ഈ ചോദ്യങ്ങളെ ഗൗരവമായി നമ്മുടെ മുമ്പിൽ കൊണ്ടുവരുന്നു. ദക്ഷിണാഫ്രിക്കൻ പാസ്റ്റർ മഖാഡോ റാമബുലാനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. 2020-ൽ നടത്തിയ വെളിപ്പെടുത്തലുകൾ ആറുവർഷത്തിനുശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്.
മാർച്ച് 5-ന് അദ്ദേഹത്തിന്റെ പഴയ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ ടിക് ടോക്കിൽ വീണ്ടും പ്രചരിച്ചു ഇതേ തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ഒരു പ്രമുഖ ഡിജിറ്റൽ ന്യൂസ് ചാനൽ ഈ വിവരം റിപ്പോർട്ട് ചെയ്തു. ഇതോടെ പാസ്റ്ററുടെ വെളിപ്പെടുത്തലുകൾ വീണ്ടും ചർച്ചയായി.
ദക്ഷിണാഫ്രിക്കയിലെ പാസ്റ്ററായ Makhado Sinthumule Ramabulana ഒരുകാലത്ത് വലിയ ജനപിന്തുണയുള്ള ഒരു പ്രവചനശുശ്രൂഷ നടത്തിയിരുന്ന വ്യക്തിയാണ്. അദ്ദേഹം Apostolic Faith Mission of South Africa-യുടെ Theological Institute-ൽ പരിശീലനം നേടി പാസ്റ്ററായി നിയമിതനായി. പിന്നീട് Soshanguve-യിൽ Elshaddai Tabernacle Centre എന്ന സഭ ആരംഭിച്ചു. എന്നാൽ പിന്നീട് തന്റെ ശുശ്രൂഷയുടെ വളർച്ചയ്ക്കുവേണ്ടി മന്ത്രവാദപരമായ ശക്തികൾ തേടിയെന്നും രഹസ്യസംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.
തന്റെ അനുഭവങ്ങൾ Church Mafia: Captured by Secret Powers – An Untold African Narrative എന്ന 175 പേജുള്ള പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലനുസരിച്ച്, സഭ ഒരു വലിയ ശുശ്രൂഷയായി മാറണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റു പാസ്റ്റർമാരുടെ വലിയ ജനക്കൂട്ടവും അവരുടെ അത്ഭുതപ്രവർത്തനങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു. സാധാരണ ദൈവശുശ്രൂഷയിലൂടെ മാത്രം താൻ ആഗ്രഹിക്കുന്ന സ്വാധീനവും വളർച്ചയും നേടാനാകില്ലെന്ന് അദ്ദേഹം ചിന്തിച്ചു.
അങ്ങനെയാണ് രഹസ്യശക്തികൾ തേടിയുള്ള യാത്ര ആരംഭിച്ചത്. അദ്ദേഹം തന്നെ പിന്നീട് കമ്മീഷനിൽ പറഞ്ഞ ഒരു കാര്യം വളരെ ശ്രദ്ധേയമാണ്: ദൈവശാസ്ത്ര കോളേജിൽനിന്ന് തനിക്ക് ആവശ്യമായ ശക്തി ലഭിക്കില്ലെന്ന് അദ്ദേഹം കരുതിയിരുന്നു. സഭയുടെ വളർച്ചയ്ക്കും അധികാരത്തിനും വേണ്ടി ദൈവിക മാർഗം വിട്ട് മറ്റൊരു വഴി തേടിയതായിരുന്നു തന്റെ വീഴ്ചയുടെ തുടക്കം.
അദ്ദേഹത്തിന്റെ വെളിപ്പെടുത്തലനുസരിച്ച്, നൈജീരിയയിലേക്കുള്ള യാത്രയിലാണ് ഒരു രഹസ്യസംഘത്തിൽ അംഗമായത്.
അവിടെ പ്രത്യേകമായ ഒരു initiation ചടങ്ങിൽ പങ്കെടുത്തു. ആ സംഘത്തിന്റെ ഭാഗമായവർക്ക് ഒരു പ്രത്യേക അടയാളമുണ്ടായിരുന്നുവെന്നും തന്റെ ഇടതുകൈയിൽ മൂന്ന് വരകൾ പതിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ CRL Rights Commission-ൽ വെളിപ്പെടുത്തി.
അദ്ദേഹം വിവരിച്ചതനുസരിച്ച്, സംഘത്തിൽ അംഗമായവർക്ക് ചില നിയന്ത്രണങ്ങളുണ്ടായിരുന്നു: എന്ത് ഭക്ഷണം കഴിക്കണം, എങ്ങനെ പെരുമാറണം, സമ്പാദിക്കുന്ന പണത്തിൽനിന്ന് എത്ര നൽകണം, ആരോടാണ് ബന്ധപ്പെടേണ്ടത്, രഹസ്യങ്ങൾ പുറത്തുപറയാമോ എന്നത്, സംഘത്തിൽനിന്ന് പുറത്തുപോകാൻ ശ്രമിച്ചാൽ മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
നൈജീരിയയിൽനിന്ന് തിരിച്ചെത്തിയപ്പോൾ പന്നിയുടെ തലയും മുത്തി എന്നറിയപ്പെടുന്ന മന്ത്രവാദവസ്തുക്കളും കൊണ്ടുവന്നതായി അദ്ദേഹം വെളിപ്പെടുത്തി. പന്നിയുടെ തല സഭയുടെ സ്ഥലത്ത് കുഴിച്ചിട്ടു. വീട്ടിൽ മറ്റാർക്കും പ്രവേശിക്കാൻ അനുവാദമില്ലാത്ത ഒരു പ്രത്യേക മുറിയുണ്ടാക്കി. അവിടെ ഒരു ബലിപീഠം സ്ഥാപിച്ചു. അവിടെ മുട്ടുകുത്തി അദ്ദേഹം വേണ്ട കാര്യങ്ങൾ ആവശ്യപ്പെട്ടു. അദ്ദേഹം കമ്മീഷനിൽ പറഞ്ഞതനുസരിച്ച്, ആചാരങ്ങൾ നടത്തിയശേഷം സഭ വളരുകയും കൂടുതൽ ആളുകൾ എത്തുകയും പണം വർധിക്കുകയും ചെയ്തു. ഇതിനെ അദ്ദേഹം തന്നെ ക്രിസ്തീയതയുടെ യഥാർത്ഥ സ്വഭാവത്തിന് വിരുദ്ധമായ കാപട്യമായി വിശേഷിപ്പിച്ചു.
ചില സഭകളിൽ നടക്കുന്ന ആരാധനാസമ്മേളനങ്ങൾ ദൈവാരാധനയ്ക്കുപകരം പണം സമ്പാദിക്കാനുള്ള തന്ത്രങ്ങളായി മാറുന്നതായി അദ്ദേഹം ആരോപിച്ചു. ഒരു വ്യക്തിക്ക് ജോലി ലഭിക്കാത്തതിന്റെ കാരണം അയാളെ ആരോ ആഭിചാരം ചെയ്തതാണെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും പിന്നീട് പ്രത്യേക ശുശ്രൂഷയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതായി അദ്ദേഹം വിശദീകരിച്ചു. അങ്ങനെ ഭയം സൃഷ്ടിക്കുകയും അതിനുള്ള പരിഹാരം പാസ്റ്ററുടെ അടുത്തുനിന്ന് വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
താൻ പ്രാർത്ഥിക്കുമ്പോൾ ആളുകൾ വീഴണമെന്ന് ബലിപീഠത്തിൽ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. ഇവിടെ ഒരു അടിസ്ഥാനപരമായ ചോദ്യം ഉയരുന്നു:ഒരു വ്യക്തി പ്രാർത്ഥിക്കുമ്പോൾ മറ്റൊരാൾ നിലത്തുവീഴുന്നു എന്നതുകൊണ്ട് അത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണെന്ന് ഉറപ്പിക്കാൻ കഴിയുമോ? ഇല്ല. ഒരു ശാരീരിക അനുഭവം മാത്രം ഉപയോഗിച്ച് അതിന്റെ ആത്മീയ ഉറവിടം നിർണയിക്കാൻ കഴിയില്ല.
മനഃശാസ്ത്രപരമായ സ്വാധീനം, പ്രതീക്ഷ, കൂട്ടായ വൈകാരികാവസ്ഥ, നിർദേശസ്വാധീനം തുടങ്ങിയ ഘടകങ്ങളും പരിശോധിക്കണം.
ബൈബിൾ പറയുന്നത് യോഹന്നാൻ 4:1
പ്രിയമുള്ളവരേ, ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്വിൻ.”
2019 നവംബർ 18-ലെ Daily Sun റിപ്പോർട്ടിൽ, വിശ്വാസികളെക്കൊണ്ട് പാമ്പുകളെ ഛർദ്ദിപ്പിക്കുന്നതുപോലുള്ള പ്രകടനങ്ങൾ നടത്തിയിരുന്നുവെന്ന് Makhado പറഞ്ഞതായി റിപ്പോർട്ട് ചെയ്തു. അദ്ദേഹം പിന്നീട് തന്റെ പഴയ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയും ആളുകളെ വഞ്ചിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഉപയോഗിച്ചതായി സമ്മതിക്കുകയും ചെയ്തു.
ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത്, ഒരു അസാധാരണ പ്രകടനം സംഭവിച്ചു എന്നതുകൊണ്ട് അത് ദൈവിക അത്ഭുതമാണെന്ന് തെളിയിക്കപ്പെടുന്നില്ല എന്നതാണ്. ചില കൾട്ട് സ്വഭാവമുള്ള സഭകളിലെ നേതാക്കൾ സഭയിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ആത്മീയ ശക്തി നേടാനുള്ള മാർഗമായി ഇത്തരം പ്രവർത്തനങ്ങളെ ചിലർ അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത് അദ്ദേഹത്തിന്റെ കമ്മീഷൻ സാക്ഷ്യത്തിലെ ആരോപണമാണ്. എല്ലാ സഭകളെയും പാസ്റ്റർമാരെയും സംബന്ധിച്ച പൊതുവായ പ്രസ്താവനയായി ഇതിനെ കാണരുത്. Sowetan-നും TimesLIVE-നും നൽകിയ റിപ്പോർട്ടുകളിൽ അദ്ദേഹത്തിന്റെ സാക്ഷ്യത്തിലെ മറ്റൊരു പ്രധാന കാര്യം വിശദീകരിക്കുന്നുണ്ട്. ഒരു വ്യക്തി സഭയിലെ നേതാവിനെ മാത്രം ആശ്രയിക്കുന്ന അവസ്ഥ സൃഷ്ടിക്കുക.
ഇതിന് ചില രീതികൾ ഉള്ളതായി അദ്ദേഹം വെളിപ്പെടുത്തി: കുടുംബാംഗങ്ങൾക്കെതിരെ സംശയം വളർത്തുക., കുടുംബമാണ് നിങ്ങളുടെ ആത്മീയ പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയുക, വീട്ടുകാരിൽനിന്ന് അകറ്റുക, സഭയുടെ പ്രവർത്തനങ്ങളിൽ മുഴുകാൻ നിർബന്ധിക്കുക, പാസ്റ്ററുടെ ഉപദേശത്തെ ചോദ്യം ചെയ്യാനാവാത്തതാക്കുക. ഒരു വ്യക്തിയെ കുടുംബത്തിൽനിന്ന് ഒറ്റപ്പെടുത്തിക്കഴിഞ്ഞാൽ അയാൾക്ക് സഭാനേതാവിനെ ആശ്രയിക്കേണ്ടിവരുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് ആത്മീയതയല്ല; നിയന്ത്രണത്തിന്റെയും ചൂഷണത്തിന്റെയും രീതിയാണ്.

Comments are closed.