*ആഫ്രിക്കാനർ അഭയാർത്ഥികളുടെ പരിധി വർദ്ധിപ്പിച്ച് ട്രംപ് ഭരണകൂടം; വിമർശനവുമായി യു.എസ്. കത്തോലിക്കാ ബിഷപ്പ്*
യുഎസ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കാനർ വംശജരായ അഭയാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള പരിധി ഉയർത്തുകയും, എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അതേപടി നിലനിർത്തുകയും ചെയ്തു. ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിൽ ടെക്സാസിലെ വിക്ടോറിയ രൂപതയുടെ ബിഷപ്പ് ബ്രെൻഡൻ ജെ. കാഹിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.
യു.എസ്. കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സിന്റെ കുടിയേറ്റ സമിതി അധ്യക്ഷൻ കൂടിയായ ബിഷപ്പ് കാഹിൽ, പതിനായിരത്തോളം ആഫ്രിക്കാനർ അഭയാർത്ഥികളെ അധികമായി പ്രവേശിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും, പുനരധിവാസത്തിനുള്ള അവസരങ്ങൾ കൂടുതൽ വ്യാപകമായി ലഭ്യമാക്കണമെന്ന് ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഡച്ച് കുടിയേറ്റക്കാരുടെ പിൻഗാമികളായ ദക്ഷിണാഫ്രിക്കയിലെ ഒരു വെള്ളക്കാരൻ ന്യൂനപക്ഷ വിഭാഗമാണ് ആഫ്രിക്കാനറുകൾ. ‘എക്സ്പ്രോപ്രിയേഷൻ ആക്ട് 13 ഓഫ് 2024’ പ്രകാരം ഭൂമി പിടിച്ചെടുക്കുന്നതിലൂടെ ദക്ഷിണാഫ്രിക്കൻ സർക്കാർ ആഫ്രിക്കാനറുകൾക്കെതിരെ വംശീയ വിവേചനം കാണിക്കുന്നതായി ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കൻ സർക്കാർ ഈ വംശീയ വിവേചന ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്.

Comments are closed.