വത്തിക്കാൻ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ്സാ ങ്കേതികവിദ്യയുടെ വളർച്ചയെയും അതിന്റെ സ്വാധീനത്തെയും കുറിച്ച് പഠിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ചരിത്രത്തിലാദ്യമായി ഒരു ഔദ്യോഗിക കമ്മീഷൻ രൂപീകരിച്ച് വത്തിക്കാൻ. എ.ഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കത്തോലിക്കാ സഭയുടെ ഇടപെടലുകൾ ഒരു കേന്ദ്രീകൃത ബോഡിക്ക് കീഴിൽ ഏകോപിപ്പിക്കുന്നത് ഇതാദ്യമായാണ്. എ.ഐ, തൊഴിലാളി അവകാശങ്ങൾ, നീതി, മാനുഷിക അന്തസ്സ് എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ലിയോ പതിനാലാമൻ (Pope Leo XIV) മാർപാപ്പ പുറത്തിറക്കാനിരിക്കുന്ന തന്റെ ആദ്യത്തെ റോമൻ വിജ്ഞാപനത്തിന് മുന്നോടിയായിട്ടാണ് ഈ നിർണ്ണായക നീക്കം.
വിശുദ്ധ സിംഹാസനത്തിനുള്ളിൽ എ.ഐ ഉപയോഗിക്കുന്നതിനുള്ള കർശനമായ ചട്ടങ്ങൾ രൂപീകരിക്കുന്നത് ഉൾപ്പെടെ, വിവിധ വത്തിക്കാൻ സ്ഥാപനങ്ങളിലെ എ.ഐ നയങ്ങളും പദ്ധതികളും ഏകോപിപ്പിക്കുക എന്നതാണ് ഈ കമ്മീഷന്റെ പ്രധാന ചുമതല. വത്തിക്കാന്റെ കീഴിലുള്ള ‘ഡിക്കാസ്റ്ററി ഫോർ ദ ഡോക്ട്രിൻ ഓഫ് ദ ഫെയ്ത്ത്’, ‘പോന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ്’ എന്നിവയുൾപ്പെടെയുള്ള ഏഴ് പ്രമുഖ വത്തിക്കാൻ സമിതികളിൽ നിന്നുള്ള പ്രതിനിധികൾ ഈ പുതിയ കമ്മീഷനിൽ അംഗങ്ങളാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന വെല്ലുവിളികളെ ആഗോള സഭയ്ക്കും ലോകത്തിനും പ്രയോജനകരമായ രീതിയിൽ നേരിടാൻ ഈ സമിതി സഹായിക്കുമെന്ന് കർദ്ദിനാൾ മൈക്കൽ ചെർണി വ്യക്തമാക്കി.

Comments are closed.