*യമനിൽ ക്രൈസ്തവ സമൂഹം പൂർണ്ണമായും അദൃശ്യരാക്കപ്പെടുന്നു; കടുത്ത പീഡനങ്ങളും യുദ്ധക്കെടുതികളും മൂലം വിറങ്ങലിച്ച് രാജ്യം*
യമൻ : അതിരൂക്ഷമായ മതപീഡനങ്ങൾ മൂലം യമനിലെ ക്രൈസ്തവ സമൂഹം ലോകത്തിന്റെ കണ്ണിൽ നിന്ന് പൂർണ്ണമായും അദൃശ്യരായിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ന് യമനിൽ തകർക്കപ്പെടാൻ പള്ളികളോ, പരസ്യമായി ഒത്തുകൂടാൻ വിശ്വാസസമൂഹങ്ങളോ അവശേഷിക്കുന്നില്ല. സ്വന്തം ജീവനോ മറ്റുള്ളവരുടെ സുരക്ഷയോ അപകടത്തിലാക്കാതെ പരസ്യമായി സംസാരിക്കാൻ കഴിയുന്ന ക്രൈസ്തവ നേതാക്കൾ പോലും ഇന്ന് ആ രാജ്യത്തില്ല. ഭീകരതയുടെയും പീഡനങ്ങളുടെയും ആധിക്യം കാരണം അവിടുത്തെ ക്രിസ്ത്യൻ ജനവിഭാഗം ലോകവേദിയിൽ നിന്ന് പാടേ തുടച്ചുമാറ്റപ്പെട്ട അവസ്ഥയിലാണ്.
ഒരു വലിയ മാനുഷിക ദുരന്തത്തിന്റെ കേന്ദ്രമായും ഭീകരതയുടെ പ്രഭവകേന്ദ്രമായുമാണ് യമൻ ഇന്ന് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. ഹൂത്തി ഭീകരസംഘടനകളും സൗദി സഖ്യസേനയും തമ്മിൽ ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധം രാജ്യത്തെ പൂർണ്ണമായും തകർത്തുതരിപ്പണമാക്കിയിരിക്കുകയാണ്. യുദ്ധം സൃഷ്ടിച്ച ഈ വൻ ഭരണശൂന്യതയും സുരക്ഷാ തകർച്ചയും മുതലെടുത്ത്, യമന്റെ ഗ്രാമീണ മേഖലകളിൽ അൽ-ഖ്വൊയ്ദ (Al-Qaeda) പോലുള്ള ക്രൂര ഭീകരസംഘടനകൾ തങ്ങളുടെ സ്വാധീനം വൻതോതിൽ വർദ്ധിപ്പിച്ചു വരികയാണ്.
യുദ്ധക്കെടുതികൾക്ക് പുറമെ, കടുത്ത മതമൗലികവാദവും ഭരണകൂടമില്ലാത്ത അവസ്ഥയും ക്രൈസ്തവരുടെ നിലനിൽപ്പ് അതീവ ദുഷ്കരമാക്കുന്നു. അടിസ്ഥാന മനുഷ്യാവകാശങ്ങളോ ആരാധനാ സ്വാതന്ത്ര്യമോ ഇല്ലാതെ, ഭയത്തിന്റെ നിഴലിലാണ് അവശേഷിക്കുന്ന വിശ്വാസികൾ ജീവിക്കുന്നത്. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര സമൂഹം ഇടപെട്ടില്ലെങ്കിൽ, യമനിലെ ക്രൈസ്തവ സാന്നിധ്യം ചരിത്രതാളുകളിൽ മാത്രം അവശേഷിക്കുന്ന എ വലിയ ദുരന്തമായി മാറുമെന്നാണ് നിരീക്ഷകർ ഭയപ്പെടുന്നത്.

Comments are closed.