നിക്കരാഗ്വ : നിക്കരാഗ്വയിൽ തടവിലാക്കപ്പെട്ട പ്രൊട്ടസ്റ്റന്റ് പാസ്റ്റർ എഫ്രേൻ അന്റോണിയോ വിൽച്ചെസ് ലോപ്പസിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനയായ സി.എസ്.ഡബ്ല്യു. എട്ട് രാജ്യങ്ങളിലെ നിക്കരാഗ്വൻ എംബസികളിലും കോൺസുലേറ്റുകളിലും നിവേദനം സമർപ്പിച്ചു. ആയിരത്തിലധികം ആളുകൾ ഒപ്പിട്ട ഈ നിവേദനം ഓസ്ട്രിയ, ബെൽജിയം, കൊളംബിയ, ക്യൂബ, എൽ സാൽവദോർ, മെക്സിക്കോ, സ്വിറ്റ്സർലൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് സമർപ്പിച്ചത്.
പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെയും ഭരണകൂടത്തെ പരസ്യമായി വിമർശിച്ചതിന്റെ പേരിൽ 2022 മെയ് 15-നാണ് പാസ്റ്റർ വിൽച്ചെസിനെ പോലീസ് ക്രൂരമായി മർദ്ദിച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന്, അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കോടതി നിരസിക്കുകയും കള്ളക്കേസ് ചുമത്തി 23 വർഷത്തെ തടവിന് ശിക്ഷിക്കുകയുമായിരുന്നു.
പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമുള്ള പാസ്റ്റർ നിലവിൽ ‘ലാ മോഡലോ’ ജയിലിലാണ് കഴിയുന്നത്. ജയിലിനുള്ളിൽ അദ്ദേഹത്തിന് അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്ര പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?

Comments are closed.