കഴിഞ്ഞ ആഴ്ച നൈജീരിയയിലെ കൊഗി, പ്ലേറ്റോ സംസ്ഥാനങ്ങളിൽ നടന്ന ആസൂത്രിത ആക്രമണങ്ങളിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ കുറഞ്ഞത് 34 ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മെയ് 5-ന് കൊഗി സംസ്ഥാനത്തെ എഡെഡെ ഗ്രാമത്തിൽ അക്രമികൾ വീടുകളും കൃഷിയിടങ്ങളും കത്തിച്ചുചാമ്പലാക്കി. മെയ് 9-ന് ബാസ കൗണ്ടിയിലും അക്രമികൾ അഞ്ച് പേരെ വധിച്ചു.
മെയ് 10-ന് മൂന്ന് ഗ്രാമങ്ങൾ ആക്രമിക്കാൻ ഫുലാനി ഗോത്രവർഗ്ഗ മിലിഷ്യ പദ്ധതിയിട്ടിരുന്നതായി ഗ്രാമീണർക്ക് മുൻകൂട്ടി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഗ്രാമീണരും അവിടുത്തെ പ്രാദേശിക കാവൽക്കാരും ഒത്തുചേർന്ന് നടത്തിയ ശക്തമായ പ്രതിരോധത്തിൽ ആയുധധാരികളായ ഭീകരർക്ക് പിന്തിരിഞ്ഞോടേണ്ടി വന്നു. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ആയുധമില്ലാത്ത സാധാരണക്കാർ ഒന്നിച്ചണിനിരന്നത് വല്ലാത്തൊരു കൂട്ടായ്മയുടെ കരുത്തല്ലേ?
മറ്റൊരു സംഭവത്തിൽ, മെയ് 9-ന് പ്ലേറ്റോ സംസ്ഥാനത്തെ ബർക്കിൻ ലാഡി നഗരം വളഞ്ഞ് ബൈക്കുകളിലെത്തിയ നൂറുകണക്കിന് ഭീകരർ വെടിയുതിർത്തു. എന്നാൽ, നാടൻ തോക്കുകളുമായി രംഗത്തിറങ്ങിയ അറുപതോളം സന്നദ്ധപ്രവർത്തകരും നാൽപ്പത് പോലീസുകാരും ചേർന്ന് നഗരത്തിന്റെ അതിർത്തി കാത്തുസൂക്ഷിക്കുകയും ഭീകരർ നഗരത്തിനുള്ളിലേക്ക് കടക്കുന്നത് തടയുകയും ചെയ്തു. ഈ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ 8 ക്രൈസ്തവർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെങ്കിലും, നഗരം പൂർണ്ണമായി പിടിച്ചെടുക്കാനുള്ള ഭീകരരുടെ നീക്കം പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞു.

Comments are closed.