മീനങ്ങാടി: കേരളത്തിലെ മീനങ്ങാടിയിലെ ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ നടന്ന ഐപിസി കരിസ്മ സെന്റർ ശുശ്രൂഷകരുടെ മഹാസമ്മേളനം ആത്മീയ ആവേശം, പ്രാർത്ഥന, ദൈവവചനത്തിന്റെ ശക്തി എന്നിവയുടെ നടുവിൽ ഭക്തിപൂർവ്വം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ഈ മഹാസമ്മേളനത്തിൽ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന ഐപിസി കരിസ്മ സെന്ററിലെ നിരവധി ശുശ്രൂഷകർ പങ്കെടുത്തു ആത്മീയ അനുഗ്രഹം പ്രാപിച്ചു.
സമ്മേളനത്തിലെ മുഖ്യ സന്ദേശം പങ്കുവെച്ച ഡോ. ജേക്കബ്, “നിങ്ങളുടെ പേര് ജീവപുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നുവെന്ന ഉറപ്പ് നിങ്ങള്‍ക്കുണ്ടോ?” എന്ന ആത്മപരിശോധനയുടെ ആഹ്വാനത്തിലൂടെ വിശ്വാസികളുടെ ഹൃദയങ്ങളെ സ്പർശിച്ചു. തുടർന്ന് ദൈവവചനം പങ്കുവെച്ച സഹോദരൻ എബി, “നമ്മുടെ ജീവിതത്തിനെതിരെ ഉയരുന്ന എല്ലാ വാളുകളെയും സ്വർഗീയ അഗ്നിയാൽ ജയിക്കണം” എന്ന് ശക്തമായി പ്രസംഗിച്ചു.
യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയ നിസ്സി ജിയോ ജോസും സുജിൻ അബ്രാഹവും ഇന്നത്തെ തലമുറയ്ക്ക് ദൈവഭയം, പ്രാർത്ഥന, വിശുദ്ധജീവിതം എന്നിവയുടെ ആവശ്യകതയെ ഊന്നിപ്പറഞ്ഞു. മുതിർന്ന ശുശ്രൂഷകരായ എൻ.കെ. ജോർജ്, പി.പി. ജോസഫ്, ഡാനിയേൽ പി.ജെ എന്നിവർ ദൈവവചനം ശക്തമായി പ്രസംഗിച്ച് സമ്മേളനത്തെ ആത്മീയമായി ഉണർത്തി.
സമാപന ദിവസത്തിൽ ഐപിസി കരിസ്മ സെന്റർ പ്രസിഡന്റും ഐപിസി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ പാസ്റ്റർ കെ.വി. ജോസ് പ്രസംഗിക്കവെ, “നമ്മുടെ സമയം എവിടെയാണ് നാം പാഴാക്കുന്നതെന്ന് പരിശോധിക്കണം. ആത്മീയ ജീവിതത്തിൽ മടുപ്പിന് ഇടം നൽകാതെ, ദൈവം നല്കിയ ഓരോ നിമിഷവും കർത്താവിന്റെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കണം. ഈ ഭൂമിയിൽ നാം എത്ര ദിവസം ജീവിക്കും എന്ന് ആരും അറിയുന്നില്ല. അതിനാൽ ഉള്ള സമയത്തിനുള്ളിൽ കൂടുതൽ ആളുകളെ ക്രിസ്തുവിലേക്ക് നയിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടണം” എന്ന് ആഹ്വാനം ചെയ്തു.
അദ്ദേഹം തുടർന്നു, അപ്പൊസ്തലൻ പൗലോസ് ചെയ്തതുപോലെ സുവിശേഷത്തിനായി പൂർണ്ണമായി സമർപ്പിതരായി, കഷ്ടതകളുടെ നടുവിലും വിശ്വാസം കാത്തുസൂക്ഷിച്ച് ആത്മാക്കളെ നേടുന്ന ശുശ്രൂഷ നാം കൂടി ചെയ്യണം. പൗലോസ് നേടിയതുപോലെ ആത്മീയ ഓട്ടത്തിൽ നാം കൂടി ജയശാലികളാകണം. കർത്താവിന്റെ വരവിനായി ഒരുങ്ങിയ വിശുദ്ധജീവിതം തന്നെയാകട്ടെ നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.
സമ്മേളനത്തിന്റെ അവസാന ദിവസത്തിന്റെ ആരംഭത്തിൽ, യേശുക്രിസ്തു തന്നേ മാതൃകയായി കാണിച്ച വിനയത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി ശിഷ്യന്മാർ പരസ്പരം കാൽ കഴുകി. തുടർന്ന് കർത്തൃമേശ ഭക്തിപൂർവ്വം ആചരിച്ചു.
സമ്മേളനത്തിൽ പങ്കെടുത്ത അനേകം ശുശ്രൂഷകർ ദൈവത്തിന്റെ സ്പർശം അനുഭവിച്ചുവെന്നും, കൂടുതൽ ആവേശത്തോടും സമർപ്പണത്തോടും കൂടി ദൈവശുശ്രൂഷയിൽ ഏർപ്പെടുമെന്ന് പ്രതിജ്ഞ ചെയ്തു. മഹാസമ്മേളനത്തിലെ ആരാധനയ്ക്ക് കോയമ്പത്തൂരിലെ ശുശ്രൂഷകനായ പി.ജെ. ഡാനിയേൽ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
വാർത്ത: പാ ഫ്രെഡി കൂർഗ്

Comments are closed.